റിയാദ് മെട്രോയുടെ സർവീസ് വർധിപ്പിക്കാൻ 94 പുതിയ ട്രെയിനുകൾ; കരാർ ഒപ്പുവെച്ചു

  1. Home
  2. International

റിയാദ് മെട്രോയുടെ സർവീസ് വർധിപ്പിക്കാൻ 94 പുതിയ ട്രെയിനുകൾ; കരാർ ഒപ്പുവെച്ചു

riyadh metro


റിയാദ് മെട്രോയുടെ സേവനങ്ങൾ കൂടുതൽ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി 94 പുതിയ ട്രെയിനുകൾ വാങ്ങുന്നതിനും നിർമിക്കുന്നതിനുമുള്ള വൻകിട കരാറുകളിൽ റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റി ഒപ്പുവെച്ചു. അഞ്ച് ബില്യൺ ഡോളറിലധികം മൂല്യമുള്ള ഈ കരാറുകൾ പ്രകാരം ജർമനിയുടെ സീമെൻസ്, ഫ്രാൻസിന്റെ ആൽസ്റ്റോം എന്നീ പ്രമുഖ കമ്പനികളുമായാണ് പങ്കാളിത്തം സ്ഥാപിച്ചിരിക്കുന്നത്. പുതിയ ട്രെയിനുകൾ കൂടി എത്തുന്നതോടെ ശൃംഖലയിലെ ആകെ ട്രെയിനുകളുടെ എണ്ണം 277 ആയി ഉയരും.

2028 മുതൽ ഘട്ടം ഘട്ടമായി പുതിയ ട്രെയിനുകൾ സർവീസ് ആരംഭിക്കും. ഇവ യാഥാർത്ഥ്യമാകുന്നതോടെ റിയാദ് മെട്രോ ശൃംഖലയുടെ മൊത്തത്തിലുള്ള യാത്രാശേഷി ഗണ്യമായി വർധിക്കും. തിരക്കേറിയ റൂട്ടുകളായ റെഡ് ലൈനിൽ യാത്രാശേഷി 142 ശതമാനവും, യെല്ലോ ലൈനിൽ 116 ശതമാനവും, ബ്ലൂലൈനിൽ 57 ശതമാനവും വർധിക്കും.

കൂടാതെ ഓറഞ്ച് പാതയിൽ 27 ശതമാനത്തിന്റെയും പർപ്പിൾ പാതയിൽ 16 ശതമാനത്തിന്റെയും വർധനവുണ്ടാകും. 2024 ഡിസംബർ മുതൽ ഇതുവരെ 275 ദശലക്ഷത്തിലധികം യാത്രകളാണ് മെട്രോയിൽ രേഖപ്പെടുത്തിയത്. എക്സ്പോ 2030, 2034 ഫിഫ ലോകകപ്പ് പോലുള്ള ആഗോള പരിപാടികൾ മുന്നിൽക്കണ്ടാണ് നഗരത്തിലെ ഗതാഗത സൗകര്യങ്ങൾ സർക്കാർ ഇത്രത്തോളം വിപുലീകരിക്കുന്നത്.