പൊതുസ്ഥലങ്ങളിൽ വസ്ത്രങ്ങൾ ഉണക്കാനിട്ടാൽ 100 ദിനാർ പിഴ; മുന്നറിയിപ്പുമായി ബഹ്റൈൻ മുനിസിപ്പാലിറ്റി
പൊതുറോഡുകളിലേക്കോ നടപ്പാതകളിലേക്കോ തള്ളിനിൽക്കുന്ന രീതിയിൽ വസ്ത്രങ്ങൾ ഉണക്കാനിടുന്നവർക്കെതിരെ കർശന നടപടിയുമായി ബഹ്റൈനിലെ നോർത്തേൺ ഏരിയ മുനിസിപ്പാലിറ്റി. നിയമലംഘകർക്ക് 100 ദിനാർ (ഏകദേശം 22,000 ഇന്ത്യൻ രൂപ) പിഴ ചുമത്തുമെന്ന് അധികൃതർ ഔദ്യോഗിക മുന്നറിയിപ്പ് നൽകി. വീടുകളുടെയോ കടകളുടെയോ പുറംഭാഗം, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലേക്ക് വസ്ത്രങ്ങൾ ഉണക്കുന്നതിനായി കയറുകളോ റാക്കുകളോ വടികളോ നീട്ടുന്നത് പൂർണ്ണമായും നിയമവിരുദ്ധമാണ്.
അനുമതിയില്ലാതെ സ്ഥാപിക്കുന്ന കാർ ഷേഡുകൾ, താൽക്കാലിക വേലികൾ, മറ്റ് തടസ്സങ്ങൾ എന്നിവ നീക്കം ചെയ്യുന്ന അതേ നിയമത്തിന്റെ പരിധിയിലാണ് ഈ നടപടിയും വരുന്നത്. ഇത്തരം പൊതുസ്ഥലം കൈയേറ്റങ്ങൾക്ക് സാധാരണയായി 50 മുതൽ 300 ദിനാർ വരെയാണ് നിയമപ്രകാരം പിഴ ചുമത്താറുള്ളത്. എന്നാൽ കുറ്റസമ്മതം നടത്തുന്നവർക്ക് പിഴത്തുകയുടെ മൂന്നിലൊന്നായ 100 ദിനാർ ഒടുക്കി കേസ് ഉടനടി തീർപ്പാക്കാനുള്ള പ്രത്യേക സൗകര്യമുണ്ടായിരിക്കും. പൊതുവഴി തടസ്സപ്പെടുത്തുന്ന രീതിയിലുള്ള വസ്ത്രങ്ങളും റാക്കുകളും ഉടനടി നീക്കം ചെയ്യാൻ മുനിസിപ്പൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകാം. മുന്നറിയിപ്പ് അവഗണിച്ചാൽ ഉടമയുടെ ചെലവിൽ തന്നെ ഇവ അധികൃതർ നീക്കം ചെയ്യും.
അനുമതിയില്ലാതെ പൊതുറോഡുകളോ നടപ്പാതകളോ കൈയേറി സാധനങ്ങൾ വെക്കുന്നവർക്ക് 20 മുതൽ 500 ദിനാർ വരെ പിഴ ചുമത്താൻ ബഹ്‌റൈനിലെ 'പബ്ലിക് റോഡ്‌സ് ഒക്യുപേഷൻ' നിയമം അനുശാസിക്കുന്നുണ്ട്. ഇതിന് പുറമെ നിശ്ചയിച്ചിട്ടുള്ള ഫീസിന്റെ ഇരട്ടി തുകയും സ്ഥലം പഴയപടിയാക്കാനുള്ള ചെലവും കോടതികൾക്ക് ചുമത്താനാകും. അതേസമയം, സ്വന്തം വീടിന്റെയോ സ്ഥാപനത്തിന്റെയോ അതിർത്തിക്കുള്ളിൽ വസ്ത്രങ്ങൾ ഉണക്കുന്നത് നിയമലംഘനമല്ലെന്നും പൊതുസ്ഥലങ്ങൾ കൈയേറുന്നവർക്കെതിരെ മാത്രമേ നടപടിയുണ്ടാകൂ എന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി.
