ഓടുന്ന വാഹനങ്ങളിൽ നിന്ന് മാലിന്യം വലിച്ചെറിഞ്ഞാൽ 1,000 ദിർഹം പിഴ; കർശന മുന്നറിയിപ്പുമായി അബുദാബി പൊലീസ്
ഓടുന്ന വാഹനങ്ങളിൽ നിന്ന് റോഡുകളിലേക്കും പൊതുസ്ഥലങ്ങളിലേക്കും മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടിയുമായി അബുദാബി പൊലീസ്. നിയമലംഘകർക്ക് 1,000 ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ ആറ് ബ്ലാക്ക് പോയന്റും ചുമത്തുമെന്ന് അധികൃതർ അറിയിച്ചു.
യു.എ.ഇ ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 71 പ്രകാരമാണ് ശിക്ഷാനടപടി സ്വീകരിക്കുന്നത്. സുരക്ഷിതമായ ഡ്രൈവിങ് സംസ്‌കാരം വളര്‍ത്തിയെടുക്കാനുള്ള ബോധവല്‍ക്കരണ കാമ്പയിന്‍റെ ഭാഗമായി, വാഹനങ്ങളില്‍നിന്ന് മാലിന്യം പുറത്തേക്ക് എറിയുന്നതിന്‍റെ ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു. മോണിറ്ററിങ് ആൻഡ് കൺട്രോൾ സെന്ററുമായി സഹകരിച്ച് റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള അത്യാധുനിക നിരീക്ഷണ ക്യാമറകൾ വഴിയാണ് ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തുന്നത്.
റോഡുകളിലും പൊതുസ്ഥലങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നത് പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നതോടൊപ്പം നഗരത്തിന്റെ ഭംഗിയെയും പൊതുജനാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. യാത്രയ്ക്കിടെ ശുചിത്വവും സാമൂഹിക ഉത്തരവാദിത്തവും പാലിക്കണമെന്നും അബുദാബി പൊലീസ് അഭ്യർഥിച്ചു.
