വാഹനങ്ങളിൽ നിന്ന് അമിത ശബ്ദമുണ്ടായാൽ 2,000 ദിർഹം പിഴ; കർശന നടപടിയുമായി അബുദാബി പൊലീസ്

  1. Home
  2. International

വാഹനങ്ങളിൽ നിന്ന് അമിത ശബ്ദമുണ്ടായാൽ 2,000 ദിർഹം പിഴ; കർശന നടപടിയുമായി അബുദാബി പൊലീസ്

abudhabi


പൊതുജനങ്ങളുടെ സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾക്കും അശ്രദ്ധമായ ഡ്രൈവിംഗിനുമെതിരെ കർശന നടപടിയുമായി അബുദാബി പൊലീസ്. വാഹനങ്ങളിൽ വരുത്തുന്ന അനധികൃത മാറ്റങ്ങൾ (Modifications) മൂലം അമിത ശബ്ദമുണ്ടാകുന്നത് സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഈ നീക്കം. നിയമലംഘകർക്ക് 2,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റും ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കി.

താമസകേന്ദ്രങ്ങളിൽ അലക്ഷ്യമായി വാഹനമോടിക്കുന്നത് കുട്ടികൾക്കും പ്രായമായവർക്കും രോഗികൾക്കും വലിയ മാനസിക സമ്മർദ്ദമുണ്ടാക്കുന്നുണ്ടെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. വാഹനങ്ങളിൽ അനധികൃതമായി മോഡിഫിക്കേഷൻ നടത്തിയാൽ 1,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റും പുറമെ 30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും. പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെങ്കിൽ 10,000 ദിർഹം പിഴയായി നൽകേണ്ടിവരും.

മൂന്ന് മാസത്തിനുള്ളിൽ പിഴയടച്ച് വാഹനം വീണ്ടെടുത്തില്ലെങ്കിൽ അവ ലേലത്തിൽ വിൽക്കാനാണ് തീരുമാനം. മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഇത്തരം പ്രവർത്തികളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെടുന്നവർക്ക് '999' എന്ന നമ്പറിൽ വിളിച്ച് വിവരം അറിയിക്കാവുന്നതാണ്.