മക്കയിൽ വിസിറ്റ് വിസക്കാരെ താമസിപ്പിച്ചാൽ ഒരു ലക്ഷം റിയാൽ പിഴ; കർശന മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം

  1. Home
  2. International

മക്കയിൽ വിസിറ്റ് വിസക്കാരെ താമസിപ്പിച്ചാൽ ഒരു ലക്ഷം റിയാൽ പിഴ; കർശന മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം

hajj


വിസിറ്റ് വിസയിൽ എത്തിയവർക്ക് മക്കയിലോ പുണ്യസ്ഥലങ്ങളിലോ താമസസൗകര്യം ഒരുക്കുകയോ അവർക്ക് അവിടെ തുടരാൻ സഹായം നൽകുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടിയുമായി സൗദി ആഭ്യന്തര മന്ത്രാലയം. ഇത്തരക്കാരെ താമസസ്ഥലങ്ങളിൽ പാർപ്പിക്കുകയോ, ഒളിച്ചുതാമസിക്കാൻ സഹായിക്കുകയോ ചെയ്യുന്നത് ഗുരുതര നിയമലംഘനമായി കണക്കാക്കും. നിയമം ലംഘിക്കുന്നവർക്ക് 1,00,000 റിയാൽ വരെ പിഴ ചുമത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കോ വ്യക്തികൾക്കോ എതിരെ കണ്ടെത്തുന്ന നിയമലംഘകരുടെ എണ്ണം കൂടുന്നതിനനുസരിച്ച് പിഴ തുകയും ഇരട്ടിക്കും. വിസിറ്റ് വിസകൾ ഒരു കാരണവശാലും ഹജ്ജ് നിർവ്വഹിക്കാനുള്ള പെർമിറ്റ് അല്ലെന്ന് ആഭ്യന്തര മന്ത്രാലയം വീണ്ടും ഓർമ്മിപ്പിച്ചു. ദുൽഖഅദ് ഒന്ന് മുതൽ ദുൽഹിജ്ജ 14 വരെയുള്ള കാലയളവിൽ മക്കയിലോ പുണ്യസ്ഥലങ്ങളിലോ പ്രവേശിക്കാനോ തുടരാനോ ശ്രമിക്കുന്ന വിസിറ്റ് വിസക്കാർക്ക് 20,000 റിയാൽ വരെ പിഴ ചുമത്താനും വ്യവസ്ഥയുണ്ട്.

കൂടാതെ, വിസിറ്റ് വിസയ്ക്ക് അപേക്ഷ നൽകി ആളുകളെ കൊണ്ടുവരികയും, അവർ ഹജ്ജ് പെർമിറ്റ് ഇല്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിക്കുകയോ മക്കയിൽ തുടരുകയോ ചെയ്താൽ വിസ സ്പോൺസർ ചെയ്ത വ്യക്തിക്ക് 1,00,000 റിയാൽ വരെ പിഴ ഈടാക്കും. ഇവിടെയും നിയമലംഘകരുടെ എണ്ണത്തിനനുസരിച്ച് പിഴ തുക വർദ്ധിക്കുന്നതായിരിക്കും. ഹജ്ജ് സീസൺ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയം പരിശോധനകളും ശിക്ഷാനടപടികളും ശക്തമാക്കിയത്.