അനുമതിയില്ലാതെ ഓൺലൈൻ ഫത്‍വ നൽകിയാൽ 52 ലക്ഷം രൂപ വരെ പിഴ; മുന്നറിയിപ്പുമായി യു.എ.ഇ
യു.എ.ഇ ഫത്‍വ കൗൺസിലിന്റെ ഔദ്യോഗിക അനുമതിയോ ലൈസൻസോ ഇല്ലാതെ ഓൺലൈനിലൂടെ മതവിധികൾ നൽകുന്ന അക്കൗണ്ടുകൾക്കെതിരെ കടുത്ത നടപടി. വ്യവസ്ഥകൾ ലംഘിച്ച് വ്യക്തിഗത ഫത്‍വകൾ നൽകിയ നിരവധി സോഷ്യൽ മീഡിയ, ഡിജിറ്റൽ അക്കൗണ്ടുകൾക്കെതിരെ യു.എ.ഇ ഫത്‍വ കൗൺസിൽ നടപടി സ്വീകരിച്ചു.
നിയമം ലംഘിക്കുന്നവർക്ക് രണ്ട് ലക്ഷം ദിർഹം വരെ (ഏകദേശം 52 ലക്ഷം രൂപ) പിഴ ചുമത്തുമെന്നും കുറ്റം ആവർത്തിച്ചാൽ പിഴത്തുക ഇരട്ടിയാകുമെന്നും കൗൺസിൽ മുന്നറിയിപ്പ് നൽകി. ഫത്‍വ കൗൺസിലിന്റെയോ പ്രാദേശിക അധികാരികളുടെയോ മുൻകൂർ അനുമതിയില്ലാതെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയും മറ്റ് മാധ്യമങ്ങൾ വഴിയും ഫത്‍വകൾ നൽകുന്നത് രാജ്യത്ത് പൂർണ്ണമായി നിരോധിച്ചിട്ടുള്ളതാണ്.
സമൂഹത്തിൽ വർഗീയ വിദ്വേഷം വളർത്തുന്ന രീതിയിലുള്ള മതവിധികൾ ഇറക്കുന്നതും ഔദ്യോഗിക ഫത്‍വകളെ ചോദ്യം ചെയ്യുന്നതും ഗുരുതരമായ നിയമലംഘനമാണ്. ഇത്തരം അക്കൗണ്ടുകളും വെബ്‌സൈറ്റുകളും ബ്ലോക്ക് ചെയ്യാനും സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും അധികൃതർക്ക് അധികാരമുണ്ട്. സംശയനിവാരണങ്ങൾക്ക് കൗൺസിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റെയോ (fatwauae.gov.ae) അംഗീകൃത പ്ലാറ്റ്‌ഫോമുകളെയോ മാത്രം ആശ്രയിക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
