അമേരിക്കയിൽ ഹെലികോപ്റ്ററും വിമാനവും കൂട്ടിയിടിച്ചു; വൻ ദുരന്തം, 18 മൃതദേഹങ്ങൾ കണ്ടെടുത്തു

  1. Home
  2. International

അമേരിക്കയിൽ ഹെലികോപ്റ്ററും വിമാനവും കൂട്ടിയിടിച്ചു; വൻ ദുരന്തം, 18 മൃതദേഹങ്ങൾ കണ്ടെടുത്തു

vimanam


 

അമേരിക്കയിലെ വാഷിങ്ങ്ടണിൽ ഹെലികോപ്റ്ററും വിമാനവും ആകാശത്ത് കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 18 മൃതദേഹങ്ങളും ശരീര ഭാഗങ്ങളും പൊട്ടോമാക് നദിയിൽ നിന്ന് കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. ജീവനോടെ ആരെയും ഇത് വരെ ലഭിച്ചതായി വിവരമില്ല. യുഎസ് ആർമി ഹെലികോപ്റ്റർ പരിശീലന പറക്കലിനിടെയാണ് വിമാനവുമായി കൂട്ടിയിടിച്ചത്.

റെയ്ഗൻ നാഷണൽ എയർപോർട്ട് വ്യാഴാഴ്ച്ച രാവിലെ 11 മണി വരെ അടച്ചു. വിമാന സർവീസുകൾ നിർത്തലാക്കി. പൊട്ടോമാക് നദിയിൽ ഹെലികോപ്റ്ററിനെ തലകീഴായി കിടക്കുന്ന നിലയിലും യാത്ര വിമാനം തകർന്ന് വേർപെട്ട നിലയിലും കണ്ടെത്തിയെന്നാണ് വിവരം. അപകടത്തിൽപെട്ട വിമാനത്തിൽ യുഎസ് ഫിഗർ സ്‌കേറ്റിംഗിന്റെ അത്‌ലറ്റുകളും കോച്ചുകളും ഉണ്ടായിരുന്നതായി റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. അതിശൈത്യവും ഇരുട്ടും രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. 300 വിദഗ്ധർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. പൊട്ടോമാക് നദിയുടെ പല ഇടങ്ങളും മരവിച്ച നിലയിലാണെന്നാണ് വിവരം.

60 യാത്രക്കാരും നാല് ജീവനക്കാരും ഉണ്ടായിരുന്ന വിമാനത്തിലെ ആരെയും ഇതുവരെ ജീവനോടെ കണ്ടെത്താൻ സാധിച്ചിട്ടില്ല. കാൻസാസിൽ നിന്ന് വാഷിംഗ്ടൺ ഡിസിയിലേക്ക് വന്ന അമേരിക്കൻ എയർലൈൻസിന്റെ CRJ700 യാത്രാ വിമാനം റെയ്ഗൻ നാഷണൽ എയർപോർട്ടിൽ ഇറങ്ങാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെയാണ് ആകാശ ദുരന്തം സംഭവിച്ചത്. റൺവേ 33 ലക്ഷ്യമാക്കി താഴ്ന്നുകൊണ്ടിരുന്ന വിമാനത്തിലേക്ക് അമേരിക്കൻ സൈന്യത്തിന്റെ ബ്ലാക്ക്ഹോക്ക് സൈനിക ഹെലികോപ്റ്ററാണ് ഇടിച്ചുകയറിയത്. ആകാശത്തൊരു തീഗോളമായി വിമാനവും ഹെലികോപ്റ്ററും കത്തിയെരിയുന്ന ദൃശ്യം പുറത്തുവന്നു.