ബഹ്‌റൈൻ ആകാശത്ത് നാളെ അപൂർവ ദൃശ്യവിരുന്ന്; വാനനിരീക്ഷകരെ ആവേശം കൊള്ളിക്കാൻ ‘ബ്ലൂ മൈക്രോ മൂൺ'

  1. Home
  2. International

ബഹ്‌റൈൻ ആകാശത്ത് നാളെ അപൂർവ ദൃശ്യവിരുന്ന്; വാനനിരീക്ഷകരെ ആവേശം കൊള്ളിക്കാൻ ‘ബ്ലൂ മൈക്രോ മൂൺ'

blue moon


ബഹ്‌റൈനിലെ വാനനിരീക്ഷകർക്ക് അപൂർവ ദൃശ്യവിരുന്നൊരുക്കി നാളെ (മേയ് 31, ഞായർ) ആകാശത്ത് ‘ബ്ലൂ മൈക്രോ മൂൺ’ (Blue Micro Moon) പ്രതിഭാസം ദൃശ്യമാകും. ദുൽഹിജ്ജ മാസത്തിലെ പൗർണമിയോടനുബന്ധിച്ചാണ് ഈ അപൂർവ പ്രതിഭാസം സംഭവിക്കുന്നതെന്ന് പ്രമുഖ ബഹ്‌റൈനി ജ്യോതിശാസ്ത്ര ഗവേഷകൻ മുഹമ്മദ് രിദ അൽ അസ്ഫൂർ അറിയിച്ചു.

ചന്ദ്രൻ ഭൂമിയെ വലംവെക്കുന്ന ഭ്രമണപഥത്തിൽ ഭൂമിയിൽ നിന്നും ഏറ്റവും അകലെയുള്ള അറ്റത്ത് (Apogee) എത്തുന്ന ദിവസമാണിതെന്ന പ്രത്യേകതയുണ്ട്. ഭൂമിയിൽ നിന്നും ഏകദേശം 4,06,000 കിലോമീറ്റർ അകലെയായിരിക്കും ഇന്ന് ചന്ദ്രന്റെ സ്ഥാനം. സാധാരണയേക്കാൾ കൂടുതൽ ദൂരത്തിലായതിനാൽ പൗർണമി രാവുകളിൽ കാണാറുള്ളതിനേക്കാൾ ചന്ദ്രൻ അല്പം ചെറുതായും പ്രകാശം കുറഞ്ഞുമാകും ഇന്ന് അനുഭവപ്പെടുക. ഇതിനെയാണ് ശാസ്ത്രലോകം ‘മൈക്രോ മൂൺ’ എന്ന് വിളിക്കുന്നത്. ഒരേ ദിവസം തന്നെ ‘ബ്ലൂ മൂണും’ ‘മൈക്രോ മൂണും’ ഒരുമിച്ച് വരുന്നത് സാങ്കേതികമായി വളരെ അപൂർവമായ കാര്യമാണെന്ന് അൽ അസ്ഫൂർ വ്യക്തമാക്കി.

നാളെ പ്രാദേശിക സമയം പകൽ 11.45-നാണ് ചന്ദ്രൻ അതിന്റെ പൂർണ്ണ പ്രഭയിലെത്തുക. എന്നാൽ ഈ സമയത്ത് ചന്ദ്രൻ ചക്രവാളത്തിന് താഴെയായിരിക്കുമെന്നതിനാൽ നഗ്നനേത്രങ്ങൾ കൊണ്ട് ദൃശ്യമാകില്ല. തുടർന്ന് സൂര്യാസ്തമയത്തിന് ശേഷം വൈകീട്ട് 6.46-ഓടെ ബഹ്‌റൈൻ ആകാശത്ത് ചന്ദ്രൻ ഉദിച്ചുയരും. തിങ്കളാഴ്ച പുലർച്ചെ സൂര്യോദയത്തിന് ശേഷം 5:07-ന് അസ്തമിക്കുന്നത് വരെ ഈ അപൂർവ ദൃശ്യം ആകാശത്ത് പൂർണ്ണമായും ആസ്വദിക്കാൻ സാധിക്കും.