ചെറിയ പെരുന്നാൾ അവധി; ഖത്തറിൽ സർക്കാർ ആശുപത്രികളുടെ പ്രവൃത്തിസമയം ക്രമീകരിച്ചു
ചെറിയ പെരുന്നാൾ അവധി ദിനങ്ങളിൽ ഖത്തറിലെ സർക്കാർ ആരോഗ്യ മേഖലയിലെ പ്രവൃത്തി സമയം ക്രമീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC) ആശുപത്രികളിൽ പീഡിയാട്രിക് എമർജൻസി സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ അടിയന്തര സേവനങ്ങളും ഇൻപേഷ്യന്റ് കെയർ വിഭാഗങ്ങളും 24 മണിക്കൂറും പ്രവർത്തിക്കും. ആംബുലൻസ് സേവനവും പതിവുപോലെ മുഴുവൻ സമയവും ലഭ്യമായിരിക്കും.
പെരുന്നാൾ ദിനങ്ങളിലെ വിവിധ വിഭാഗങ്ങളുടെ പ്രവർത്തന സമയം:
- ബ്ലഡ് ഡൊണേഷൻ സെന്റർ: റമദാനിലെ ബാക്കിയുള്ള ദിവസങ്ങളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെയും വൈകുന്നേരം 6 മുതൽ അർദ്ധരാത്രി 12 വരെയുമായിരിക്കും പ്രവർത്തനം. എന്നാൽ പെരുന്നാൾ ആദ്യ ദിനത്തിലും വെള്ളിയാഴ്ചയും അവധിയായിരിക്കും. ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ രാവിലെ 9 മുതൽ രാത്രി 9 വരെ സെന്റർ പ്രവർത്തിക്കും.
- ഹെൽത്ത് സെന്ററുകൾ: പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷന് (PHCC) കീഴിലുള്ള 21 ഹെൽത്ത് സെന്ററുകൾ അവധി ദിനങ്ങളിലും തുറന്നുപ്രവർത്തിക്കും.
- അടിയന്തര പരിചരണം: 14 ആരോഗ്യ കേന്ദ്രങ്ങളിൽ എമർജൻസി കെയർ സേവനങ്ങളും 8 സെന്ററുകളിൽ കുട്ടികൾക്കുള്ള പ്രത്യേക അടിയന്തര പരിചരണവും ലഭ്യമായിരിക്കും.
മന്ത്രാലയത്തിന് കീഴിലുള്ള മറ്റ് വിവിധ സേവന വിഭാഗങ്ങളുടെ പ്രവർത്തന സമയവും അവധി ദിനങ്ങളിൽ യാത്രക്കാരുടെയും പൊതുജനങ്ങളുടെയും സൗകര്യാർത്ഥം പുനഃക്രമീകരിച്ചിട്ടുണ്ട്.
