അപകടങ്ങളില്ലാത്ത വേനൽക്കാലം; ട്രാഫിക് ബോധവൽക്കരണ കാമ്പയിനുമായി അജ്മാൻ പൊലീസ്
വേനൽക്കാലത്തെ റോഡ് അപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 'അപകടങ്ങളില്ലാത്ത വേനൽക്കാലം' എന്ന പേരിൽ പുതിയ ട്രാഫിക് ബോധവൽക്കരണ കാമ്പയിനുമായി അജ്മാൻ പൊലീസ്. യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഈ കാമ്പയിൻ ജൂലൈ ഒന്ന് മുതൽ മൂന്ന് മാസക്കാലമാണ് നീണ്ടുനിൽക്കുക.
സമൂഹത്തിൽ സുരക്ഷിതമായ ഡ്രൈവിങ് സംസ്കാരം വളർത്തിയെടുക്കാനും ഗതാഗത അവബോധം സൃഷ്ടിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അജ്മാൻ പൊലീസ് ട്രാഫിക് ആൻഡ് പട്രോൾസ് ഡിപ്പാർട്ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ റാശിദ് ഹുമൈദ് ബിൻ ഹിന്ദി പറഞ്ഞു. റോഡ് ഉപയോഗിക്കുന്ന എല്ലാവരെയും ലക്ഷ്യമിട്ടുള്ളതാണ് ഈ സുരക്ഷാ പദ്ധതി.
വേനൽക്കാലത്ത് വാഹനങ്ങളുടെ കൃത്യമായ അറ്റകുറ്റപ്പണികൾ നടത്തുക, ടയറുകളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുക, അനുവദനീയമായ ഭാര പരിധി കവിയാതിരിക്കുക, ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കുക എന്നിവയിലൂടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ സാധിക്കുമെന്ന് പൊലീസ് ഓർമ്മിപ്പിച്ചു. വേനൽക്കാലത്തെ കടുത്ത ചൂട് മൂലമുണ്ടാകുന്ന വാഹന തകരാറുകളും അപകടങ്ങളും ഒഴിവാക്കാൻ പൊതുജനങ്ങൾ ഈ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
