വായു ഗുണനിലവാരത്തില്‍ 98 ശതമാനം നേട്ടവുമായി അബൂദബി; സുപ്രധാന പരിസ്ഥിതി സൂചികകൾ പുറത്തുവിട്ടു
അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം ദേശീയ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് 98 ശതമാനമെന്ന മികച്ച ലക്ഷ്യം കൈവരിച്ച് അബൂദബി എമിറേറ്റ്. സമുദ്ര പരിസ്ഥിതിയിലെ സൂക്ഷ്മജീവികളുടെ ജലഗുണനിലവാര സൂചികയും സുസ്ഥിര മത്സ്യബന്ധന സൂചികയും 100 ശതമാനമെന്ന പൂർണ്ണ നിലവാരത്തിൽ തുടരുകയാണ്. ഇ.എ.ഡി (EAD) ബോർഡ് ചെയർമാൻ ശൈഖ് ഹംദാൻ ബിൻ സായിദ് ആൽ നഹ്യാന്റെ അധ്യക്ഷതയിൽ ചേർന്ന 2026-ലെ രണ്ടാമത് അബൂദബി പരിസ്ഥിതി ഏജൻസി യോഗത്തിലാണ് ഈ സുപ്രധാന പരിസ്ഥിതി സൂചികകൾ പുറത്തുവിട്ടത്. യു.എ.ഇ പ്രഡിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ സുസ്ഥിര വികസന ദർശനങ്ങൾക്കനുസൃതമായാണ് ഈ നേട്ടം.
അടിയന്തര ജലലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി അൽ ദഫ്ര, അൽ ഐൻ മേഖലകളിലെ എട്ട് കേന്ദ്രങ്ങളിലായി 520 ഓളം ഭൂഗർഭ കിണറുകളിൽ ഫീൽഡ് സർവേ പൂർത്തിയാക്കിയിട്ടുണ്ട്. ഇതിൽ ഉമ്മു ഗഫ, അൽ ശുഐബ്, കശൂന എന്നീ പ്രദേശങ്ങളെ പ്രതിദിനം 30,000 ക്യുബിക് മീറ്റർ ശേഷിയുള്ള നാല് ശുദ്ധീകരണ പ്ലാന്റുകൾക്കായി തിരഞ്ഞെടുക്കുകയും ഭൂഗർഭജല പരിപാലനത്തിനായി പ്രത്യേക നിയമാവലി രൂപീകരിക്കുകയും ചെയ്തു. കൂടാതെ, വ്യോമമാർഗം വഴി ഒരു കോടിയിലധികം വിത്തുകൾ വിതറുന്ന വിപുലമായ പദ്ധതിക്കും എമിറേറ്റിൽ തുടക്കമായിട്ടുണ്ട്.
മിഡിൽ ഈസ്റ്റിലെ ഏറ്റവും അത്യാധുനിക പരിസ്ഥിതി ഗവേഷണ കപ്പലായ 'ജെയ്വൂൺ' ഈ വർഷം മാത്രം 81 കേന്ദ്രങ്ങളിൽ നിന്നായി 206 പരിസ്ഥിതി സാമ്പിളുകൾ ശേഖരിക്കുകയും 2,868 കിലോമീറ്റർ ശാസ്ത്രീയ സർവേ പൂർത്തിയാക്കുകയും ചെയ്തു. 2023-ൽ പ്രവർത്തനം ആരംഭിച്ചതിന് ശേഷം കപ്പൽ ഇതുവരെ 50,300 കിലോമീറ്ററിലധികം സർവേയാണ് പൂർത്തിയാക്കിയത്. സമുദ്ര പരിസ്ഥിതി പുനരുജ്ജീവനത്തിന്റെ ഭാഗമായി അബൂദബി കോറൽ ഗാർഡൻസ് പദ്ധതിയിലൂടെ ഈ വർഷം 3,02,415 പവിഴപ്പുറ്റുകൾ നട്ടുപിടിപ്പിച്ചതോടെ ആകെ പവിഴപ്പുറ്റുകളുടെ എണ്ണം 18 ലക്ഷമായി ഉയർന്നു. ഇതോടൊപ്പം 12,700 കൃത്രിമ പവിഴപ്പുറ്റുകളും പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി നിർമിച്ചു കഴിഞ്ഞു.
