എ.ഐ അധിഷ്ഠിത സേവനങ്ങൾ ആഗോളതലത്തിലേക്ക് വ്യാപിപ്പിക്കാൻ 'താം ഗ്ലോബൽ' പ്രഖ്യാപിച്ച് അബൂദബി

  1. Home
  2. International

എ.ഐ അധിഷ്ഠിത സേവനങ്ങൾ ആഗോളതലത്തിലേക്ക് വ്യാപിപ്പിക്കാൻ 'താം ഗ്ലോബൽ' പ്രഖ്യാപിച്ച് അബൂദബി

tamm


നിർമിത ബുദ്ധി (AI) അധിഷ്ഠിത സർക്കാർ സേവനങ്ങൾ ലോകമെമ്പാടുമുള്ള രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനായി 'താം ഗ്ലോബൽ' (TAMM Global) ഡിജിറ്റൽ സർവീസസ് കമ്പനിക്ക് അബൂദബിയിൽ തുടക്കമായി. അബൂദബി കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ നിർദേശപ്രകാരം അബൂദബി ഡിപ്പാർട്ട്‌മെന്റ് ഓഫ് ഗവൺമെന്റ് എനേബിൾമെന്റ് (DGE) ആണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. അബൂദബിയുടെ ഏകീകൃത സർക്കാർ സേവന പ്ലാറ്റ്‌ഫോമായ 'താം' പ്ലാറ്റ്‌ഫോമിന്റെ സാങ്കേതിക വിദ്യകളും എ.ഐ ശേഷിയും ആഗോളതലത്തിലേക്ക് എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഡിജിറ്റൽ സർക്കാർ സേവന ശൃംഖല വികസിപ്പിക്കൽ, താം പ്ലാറ്റ്‌ഫോമിന്റെ ഉടമസ്ഥതയും നടത്തിപ്പും നിർവഹിക്കൽ, ബൗദ്ധിക സ്വത്തവകാശം നിലനിർത്തൽ, ഈ മേഖലയിൽ പഠനങ്ങളും ഗവേഷണങ്ങളും നടത്തൽ, സ്വദേശി പ്രതിഭകൾക്ക് പരിശീലനം നൽകൽ എന്നിവ താം ഗ്ലോബലിന്റെ പ്രധാന ചുമതലകളായിരിക്കും.

ലോകത്തിലെ ആദ്യത്തെ 'എ.ഐ അധിഷ്ഠിത സർക്കാർ' ആയി മാറുകയെന്ന അബൂദബിയുടെ ലക്ഷ്യത്തിലേക്കുള്ള പ്രധാന നാഴികക്കല്ലാണിതെന്ന് ഡി.ജി.ഇ ചെയർമാൻ അഹമ്മദ് തമീം ഹിഷാം അൽ കുത്താബ് പറഞ്ഞു. 2005-ൽ ആരംഭിച്ച 'താം' നിലവിൽ 1,200-ലധികം സേവനങ്ങൾ ഒറ്റ ഡിജിറ്റൽ പോർട്ടലിലൂടെ നൽകിവരുന്നുണ്ട്. ഒരു സ്വതന്ത്ര സ്വകാര്യ കമ്പനിയായി പ്രവർത്തിക്കുന്ന താം ഗ്ലോബലിന് അന്താരാഷ്ട്ര തലത്തിൽ വിവിധ സർക്കാരുകളുമായി നേരിട്ട് പങ്കാളിത്തത്തിൽ ഏർപ്പെടാൻ സാധിക്കും.