തിരിച്ചെത്തി ഇന്ത്യൻ ഡ്രൈവർക്ക് ഹസ്തദാനം നൽകി അബുദാബി കിരീടാവകാശി; വീഡിയോ വൈറൽ
ന്യൂഡൽഹിയിൽ നടന്ന പതിനെട്ടാമത് ബ്രിക്സ് (BRICS) ഉച്ചകോടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തന്റെ കാർ ഡ്രൈവറോട് കാണിച്ച എളിമയാർന്ന പെരുമാറ്റം ശ്രദ്ധേയമാകുന്നു. വിമാനത്തിലേക്ക് കയറുന്നതിന് തൊട്ടുമുമ്പ് ഡ്രൈവർക്ക് ഹസ്തദാനം നൽകാൻ മറന്നകാര്യം തിരിച്ചറിഞ്ഞ അദ്ദേഹം, തിരികെ നടന്നെത്തി ഡ്രൈവർക്ക് കൈകൊടുക്കുകയും സംസാരിക്കുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
വാഹനത്തിൽ നിന്നിറങ്ങി ഉദ്യോഗസ്ഥരോട് യാത്രപറഞ്ഞ ശേഷം മടങ്ങാൻ തയ്യാറെടുക്കുമ്പോഴാണ് ഡ്രൈവർക്ക് കൈകൊടുക്കാൻ മറന്ന കാര്യം അദ്ദേഹത്തിന് മനസ്സിലായത്. തുടർന്ന് തിരികെ നടന്ന് കാറിനടുത്തേക്ക് ചെല്ലുകയും ഡ്രൈവർക്ക് ഹസ്തദാനം നൽകി കുറച്ചുനേരം സംസാരിക്കുകയും ചെയ്തു. ഈ ഡ്രൈവർ ഇന്ത്യക്കാരനാണെന്ന് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ പ്രതിനിധീകരിച്ചാണ് ഷെയ്ഖ് ഖാലിദ് ഡൽഹിയിലെത്തിയത്.
ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഷെയ്ഖ് ഖാലിദ് ഉഭയകക്ഷി ചർച്ചകൾ നടത്തിയിരുന്നു. ഊർജ്ജസ്വയംപര്യാപ്തത, വ്യാപാരം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മേഖലയിലെ സുരക്ഷ, ഇന്ത്യൻ നാവികരുടെ സുരക്ഷ എന്നിവയടക്കം വിവിധ വിഷയങ്ങൾ ഇരുനേതാക്കളും തമ്മിൽ ചർച്ച ചെയ്തു.
