തൊഴിലിടങ്ങളിൽ സുരക്ഷയൊരുക്കാൻ അബുദാബി ഊർജ വകുപ്പ്; ‘സേഫ്റ്റി ഇൻ ഹീറ്റ്’ ക്യാമ്പയിന് തുടക്കമായി
വേനൽക്കാലത്ത് കടുത്ത ചൂടിൽ ജോലി ചെയ്യുന്ന ഊർജ മേഖലയിലെ തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാൻ ലക്ഷ്യമിട്ട് അബുദാബി ഊർജ വകുപ്പ് (DoE) 'സേഫ്റ്റി ഇൻ ഹീറ്റ്' (Safety in Heat) ക്യാമ്പയിൻ ആരംഭിച്ചു. ഊർജ മേഖലയിലെ സ്ഥാപനങ്ങളിലും നിർമ്മാണ സൈറ്റുകളിലും സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഒരുക്കുക, ചൂട് മൂലമുണ്ടാകുന്ന അപകടങ്ങളും ആരോഗ്യപ്രശ്നങ്ങളും തടയുക എന്നിവയാണ് മൂന്ന് മാസം നീണ്ടുനിൽക്കുന്ന ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
അബുദാബി സിറ്റി, അൽ ഐൻ, അൽ ദഫ്റ എന്നീ മേഖലകളിലെ ഊർജ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രൊജക്ട് സൈറ്റുകളിലും ക്യാമ്പയിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ സജീവമാക്കും. നിശ്ചയിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങൾ സ്ഥാപനങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ ഊർജ വകുപ്പിലെ പ്രത്യേക ഉദ്യോഗസ്ഥർ തൊഴിലിടങ്ങളിൽ നേരിട്ടെത്തി കർശന പരിശോധനകൾ നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.
