സംഘർഷത്തിൽ പരിക്കേറ്റവരെ സന്ദർശിച്ച് അബുദാബി ആരോഗ്യവകുപ്പ് ചെയർമാൻ

  1. Home
  2. International

സംഘർഷത്തിൽ പരിക്കേറ്റവരെ സന്ദർശിച്ച് അബുദാബി ആരോഗ്യവകുപ്പ് ചെയർമാൻ

auh


മേഖലയിലെ സംഘർഷത്തെത്തുടർന്നുണ്ടായ ആക്രമണങ്ങളിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ അബുദാബി ആരോഗ്യവകുപ്പ് ചെയർമാൻ മൻസൂർ ഇബ്രാഹിം അൽ മൻസൂരി സന്ദർശിച്ചു. അബുദാബി ശൈഖ് ശഖ്ബൗട്ട് മെഡിക്കൽ സിറ്റിയിൽ ചികിത്സയിലുള്ളവരെയാണ് അദ്ദേഹം നേരിട്ടെത്തി കണ്ടത്. അബുദാബിയിലെ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് സെന്ററുമായി ഏകോപിപ്പിച്ചായിരുന്നു സന്ദർശനം.

പരിക്കേറ്റവരുടെ ആരോഗ്യനിലയെക്കുറിച്ചും അവർക്ക് നൽകുന്ന ചികിത്സാ പുരോഗതിയെക്കുറിച്ചും മെഡിക്കൽ ടീമുമായി അദ്ദേഹം വിശദമായി സംസാരിച്ചു. കൂടാതെ, പരിക്കേറ്റവരുടെ കുടുംബാംഗങ്ങളെ നേരിൽ കണ്ട് അദ്ദേഹം ആശ്വാസമറിയിക്കുകയും ചെയ്തു. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ അബുദാബിയിലെ ആരോഗ്യസംരക്ഷണ സംവിധാനം സജ്ജമാണെന്നും എല്ലാ രോഗികൾക്കും മികച്ച പരിചരണം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആവശ്യമായ ഘട്ടങ്ങളിൽ അതിവേഗത്തിലുള്ള പ്രതികരണം ഉറപ്പാക്കുന്നതിൽ ഏകീകൃത മെഡിക്കൽ ഓപ്പറേഷൻസ് കമാൻഡ് സെന്റർ വഹിക്കുന്ന പങ്കിനെ അൽ മൻസൂരി പ്രശംസിച്ചു. സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവുമാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്നും ഓരോ വ്യക്തിക്കും തുടർച്ചയായ പരിചരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിഒഎച്ച് അണ്ടർസെക്രട്ടറി ഡോ. നൂറ ഖാമിസ് അൽ ഗൈതി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.