ആംബുലൻസുകളിലും രക്ഷാപ്രവർത്തന വാഹനങ്ങളിലും സ്മാർട്ട് കാമറകൾ സ്ഥാപിച്ച് അബൂദബി
ആംബുലൻസ്, രക്ഷാപ്രവർത്തന വാഹനങ്ങൾ എന്നിവയിൽ സ്മാർട്ട് കാമറകൾ സ്ഥാപിച്ച് അബൂദബി സിവിൽ ഡിഫൻസ് അതോറിറ്റി. അടിയന്തര ഘട്ടങ്ങളിൽ പ്രതികരണ ശേഷി ശക്തിപ്പെടുത്തുന്നതിനും സംഭവ സ്ഥലങ്ങളിലേക്കുള്ള പ്രവേശനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.
സ്മാർട്ട് കാമറകൾ ഓപറേഷൻ റൂമുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ ഗതാഗതക്കുരുക്കുകളും റോഡിലെ തടസ്സങ്ങളും നിരീക്ഷിച്ച് ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തി ബദൽ പാതകൾ തിരഞ്ഞെടുക്കാനും വേഗത്തിൽ സംഭവസ്ഥലങ്ങളിലെത്താനും ഈ സംവിധാനം സഹായിക്കും.
കൂടാതെ അടിയന്തര വാഹനങ്ങളുടെ പ്രയാണം തടസ്സപ്പെടുത്തുന്ന ഇതരവാഹനങ്ങളുടെ നിയമലംഘനങ്ങൾ കണ്ടെത്താനും അവ രേഖപ്പെടുത്താനും കഴിയും. ആംബുലൻസ് ഉൾപ്പെടെ അടിയന്തര വാഹനങ്ങൾക്ക് വഴിയൊരുക്കി നൽകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡ്രൈവർമാരിൽ ബോധവൽക്കരണം നടത്താനും പദ്ധതി ലക്ഷ്യമിടുന്നു. എമർജൻസി വാഹനങ്ങൾക്ക് വഴി നൽകാത്ത വാഹനങ്ങൾക്കെതിരേ 3000 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്റും ചുമത്തുകയും വാഹനം 30 ദിവസത്തേക്ക് പിടിച്ചെടുക്കുകയും ചെയ്യും. സിഗ്‌നലിൽ ചുവപ്പ് വെളിച്ചം തെളിഞ്ഞുനിൽക്കുന്ന സാഹചര്യത്തിലും അടിയന്തര വാഹനങ്ങൾക്ക് കടന്നുപോകാനായി മുന്നിലുള്ള വാഹനങ്ങൾ അല്പദൂരം മുന്നോട്ടു നീക്കുന്നതിൽ നിയമപ്രശ്‌നമില്ലെന്നും അധികൃതർ വ്യക്തമാക്കി.
