ഇ-സ്‌കൂട്ടർ, ഇ-ബൈക്ക് യാത്രക്കാർക്ക് കർശന സുരക്ഷാ നിർദ്ദേശങ്ങളുമായി അബുദാബി പോലീസ്
യു.എ.ഇയിലെ റോഡുകളിൽ സുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്നതിനുമായി ഇലക്ട്രിക് ബൈക്ക്, ഇ-സ്‌കൂട്ടർ യാത്രക്കാർക്കായി അബുദാബി പോലീസ് കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് പോലീസ് വിപുലമായ ബോധവൽക്കരണ സന്ദേശം പങ്കുവെച്ചത്.
ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുന്നവർ ഹെൽമറ്റ്, ക്നീപാഡ് (മുട്ടുകാപ്പ്), എൽബോ പാഡ് തുടങ്ങിയ സുരക്ഷാ കവചങ്ങൾ നിർബന്ധമായും ധരിച്ചിരിക്കണമെന്ന് പോലീസ് ഓർമ്മിപ്പിച്ചു. സൈക്കിളുകൾക്കായി മാറ്റിവെച്ചിട്ടുള്ള പ്രത്യേക ട്രാക്കുകളിലൂടെ മാത്രമായിരിക്കണം യാത്ര. പ്രധാന മോട്ടോർ വാഹന റോഡുകൾ പൂർണ്ണമായും ഒഴിവാക്കണമെന്നും, ട്രാഫിക് ദിശയ്ക്ക് അനുകൂലമായി മാത്രം സഞ്ചരിക്കണമെന്നും നിർദ്ദേശത്തിലുണ്ട്. നിശ്ചിത വേഗപരിധി പാലിക്കുന്നതിനൊപ്പം ട്രാഫിക് സിഗ്നലുകളും റോഡ് അടയാളങ്ങളും കൃത്യമായി അനുസരിക്കേണ്ടതുണ്ട്.
വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നതിനാൽ ഇ-സ്‌കൂട്ടറുകളിൽ ഒന്നിലധികം ആളുകൾ ഒന്നിച്ച് യാത്ര ചെയ്യാനോ അമിത ഭാരം കയറ്റാനോ പാടില്ല. ശ്രദ്ധ തിരിയാതിരിക്കാൻ യാത്രയ്ക്കിടയിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതും ഇയർബഡുകൾ ധരിക്കുന്നതും പൂർണ്ണമായും ഒഴിവാക്കണം.
യാത്ര പുറപ്പെടുന്നതിന് മുൻപ് വാഹനത്തിന്റെ ബ്രേക്ക്, ടയറുകൾ, ലൈറ്റുകൾ എന്നിവ പരിശോധിച്ച് പ്രവർത്തനക്ഷമത ഉറപ്പാക്കേണ്ടതുണ്ട്. ജനത്തിരക്കേറിയ ഇടങ്ങളിൽ വേഗത കുറച്ച് അതീവ ജാഗ്രത പുലർത്തണമെന്നും കാൽനടയാത്രക്കാർക്ക് എപ്പോഴും മുൻഗണന നൽകണമെന്നും പോലീസ് വ്യക്തമാക്കി. റോഡുകളിലെ അപകടകരമായ മറികടക്കലുകളിൽ നിന്നും അഭ്യാസപ്രകടനങ്ങളിൽ നിന്നും യാത്രക്കാർ പിന്തിരിയണമെന്നും അബുദാബി പോലീസ് കർശന നിർദ്ദേശം നൽകി.
