അബൂദബി പബ്ലിക് ഹെല്‍ത്ത് സെന്റര്‍ പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റി പുറത്തിറക്കി

  1. Home
  2. International

അബൂദബി പബ്ലിക് ഹെല്‍ത്ത് സെന്റര്‍ പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റി പുറത്തിറക്കി

abudhabi


അബൂദബി പബ്ലിക് ഹെൽത്ത് സെന്റർ (ADPHC) രോഗപ്രതിരോധത്തിനും മുൻകരുതലോടെയുള്ള ആരോഗ്യ പരിചരണത്തിനും മുൻഗണന നൽകിക്കൊണ്ട് പുതിയ ബ്രാൻഡ് ഐഡന്റിറ്റി പുറത്തിറക്കി. 2019-ൽ സ്ഥാപിതമായ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളിൽ നിർണായകമായ മാറ്റങ്ങൾ ലക്ഷ്യമിട്ടാണ് ഈ പുതിയ ചുവടുവെപ്പ്.

കൃത്രിമബുദ്ധിയും (AI) ഡാറ്റാ വിശകലനവും പ്രയോജനപ്പെടുത്തി ആരോഗ്യപരമായ അപകടസാധ്യതകൾ മുൻകൂട്ടി കണ്ടെത്താനും രോഗലക്ഷണങ്ങൾ ആരംഭത്തിൽ തന്നെ തിരിച്ചറിഞ്ഞു പ്രതിരോധ സുരക്ഷ ഉറപ്പാക്കാനുമാണ് ഏജൻസി പദ്ധതിയിടുന്നത്. നേരത്തെയുള്ള രോഗനിർണയം, സമൂഹത്തിൽ ആരോഗ്യ ബോധവൽക്കരണം ഉറപ്പാക്കൽ, അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള പ്രതിരോധ സംവിധാനങ്ങളുടെ സജ്ജീകരണം എന്നിവയ്ക്കാണ് ഇതിലൂടെ മുൻഗണന നൽകുന്നത്.

രോഗസാധ്യതകൾ കണ്ടെത്താനുള്ള 'ഇഫ്ഹാസ്', പാരമ്പര്യ രോഗങ്ങൾ തടയുന്നതിനുള്ള വിവാഹപൂർവ ജനിതക പരിശോധന, പേഴ്‌സനൽ വെയ്റ്റ് മാനേജ്‌മെന്റ്, പോഷകാഹാരം പ്രോത്സാഹിപ്പിക്കുന്ന 'സെഹി' പ്രോഗ്രാം തുടങ്ങി 40-ലധികം ആരോഗ്യ പദ്ധതികൾ ഇതിന്റെ ഭാഗമായി നടപ്പിലാക്കുന്നുണ്ട്. കൂടാതെ അടിയന്തര ആരോഗ്യ സാഹചര്യങ്ങൾ നേരിടുന്നതിനായി നൂറിലധികം സ്ഥാപനങ്ങളെ ഏകോപിപ്പിച്ച് 'യൂണിഫൈഡ് മെഡിക്കൽ ഓപറേഷൻസ് കമാൻഡ് സെന്ററും' പ്രവർത്തിച്ചു വരുന്നു. പൊതുജനാരോഗ്യ മേഖലയിൽ അബൂദബിയുടെ പുതിയ കുതിച്ചുചാട്ടമാണ് ഈ ബ്രാൻഡ് ഐഡന്റിറ്റിയെന്ന് എ.ഡി.പി.എച്ച്.സി ഡയറക്ടർ ജനറൽ ഡോ. റാശിദ് അൽ സുവൈദി വ്യക്തമാക്കി.