അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ പെയ്ഡ് പാർക്കിങ് വരുന്നു; ഏപ്രിൽ 6 മുതൽ പ്രാബല്യത്തിൽ

  1. Home
  2. International

അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ പെയ്ഡ് പാർക്കിങ് വരുന്നു; ഏപ്രിൽ 6 മുതൽ പ്രാബല്യത്തിൽ

auh


ഗതാഗത കുരുക്ക് കുറയ്ക്കുന്നതിനും വാഹന പാർക്കിങ് കൂടുതൽ സുഗമമാക്കുന്നതിനുമായി അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ വാണിജ്യ-താമസ മേഖലകളിൽ പെയ്ഡ് പാർക്കിങ് സംവിധാനം വിപുലീകരിക്കുന്നു. ഏപ്രിൽ 6 തിങ്കളാഴ്ച മുതലാണ് പുതിയ പരിഷ്കാരം നിലവിൽ വരുന്നത്. പ്രദേശത്തെ വർദ്ധിച്ചുവരുന്ന വാഹനത്തിരക്ക് നിയന്ത്രിക്കാനും റോഡ് ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്താനുമാണ് അധികൃതർ ഈ തീരുമാനമെടുത്തത്.

മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളായ ഷാബിയ എം.ഇ 10 (ME10), എം.ഇ 11 (ME11) എന്നിവിടങ്ങളിലും, വില്ലാ മേഖലകളായ ഇസഡ് 17 ഒ 1, ഇസഡ് 19, ഇസഡ് 20, ഇസഡ് 27 എന്നിവടങ്ങളിലുമാണ് ആദ്യഘട്ടത്തിൽ ഫീസ് ഏർപ്പെടുത്തുന്നത്. മണിക്കൂറിന് രണ്ട് ദിർഹമാണ് പാർക്കിങ് ഫീസായി ഈടാക്കുക. ദർബ് (Darb), താം (TAMM) എന്നീ സ്മാർട്ട് ആപ്ലിക്കേഷനുകൾ വഴിയും എസ്.എം.എസ് മുഖേനയോ പാർക്കിങ് ഇടങ്ങളിലെ പേയ്‌മെന്റ് മെഷീനുകൾ ഉപയോഗിച്ചോ ഫീസ് അടയ്ക്കാവുന്നതാണ്.

ആകെ 11,030 പാർക്കിങ് ലോട്ടുകളാണ് ഈ മേഖലകളിൽ അധികൃതർ സജ്ജമാക്കിയിരിക്കുന്നത്. ഇതിൽ എം.ഇ 10-ൽ മാത്രം 6,666 പാർക്കിങ് ഇടങ്ങളുണ്ട്. വില്ലാ മേഖലകളിൽ താമസിക്കുന്ന പെർമിറ്റ് ഉടമകൾക്കായി പ്രത്യേക പാർക്കിങ് സൗകര്യം ഒരുക്കുന്നതിലൂടെ അനധികൃത പാർക്കിങ് ഒഴിവാക്കാൻ സാധിക്കുമെന്ന് അധികൃതർ കരുതുന്നു. കൂടാതെ, മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ എം.ഇ 9, എം.ഇ 10, എം.ഇ 12 എന്നിവിടങ്ങളിലായി നാല് പുതിയ ബഹുനില പാർക്കിങ് കേന്ദ്രങ്ങളും തുറന്നിട്ടുണ്ട്. വാണിജ്യ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം കൂടുതൽ സുഗമമാക്കാൻ ഈ പുതിയ പെയ്ഡ് പാർക്കിങ് സംവിധാനം സഹായിക്കും.