ബാങ്കിങ് സേവനങ്ങൾ പൂർണ്ണമായി പുനഃസ്ഥാപിച്ചതായി എ.ഡി.സി.ബി; വിവരങ്ങൾ സുരക്ഷിതമെന്ന് ബാങ്ക് അധികൃതർ

  1. Home
  2. International

ബാങ്കിങ് സേവനങ്ങൾ പൂർണ്ണമായി പുനഃസ്ഥാപിച്ചതായി എ.ഡി.സി.ബി; വിവരങ്ങൾ സുരക്ഷിതമെന്ന് ബാങ്ക് അധികൃതർ

adcb


സാങ്കേതിക തകരാറിനെ തുടർന്ന് തടസ്സപ്പെട്ട ബാങ്കിങ് സേവനങ്ങൾ പൂർണ്ണമായും പുനഃസ്ഥാപിച്ചതായി അബുദാബി കൊമേഴ്‌സ്യൽ ബാങ്ക് (ADCB) അറിയിച്ചു. ഉയർന്ന തോതിൽ ഇടപാടുകൾ നടന്നിട്ടും കഴിഞ്ഞ നാല് ദിവസമായി ബാങ്കിന്റെ കോർ ബാങ്കിങ് സംവിധാനങ്ങൾ പൂർണ്ണമായും സുസ്ഥിരമാണെന്ന് അധികൃതർ വ്യക്തമാക്കി. ഏതാനും മണിക്കൂറുകൾ മാത്രമാണ് തടസ്സം നേരിട്ടതെന്നും ഇത് പ്രധാനമായും മൊബൈൽ ആപ്ലിക്കേഷൻ വഴിയുള്ള പേയ്‌മെന്റുകളെയും പണം കൈമാറ്റങ്ങളെയുമാണ് ബാധിച്ചതെന്നും ബാങ്ക് വിശദീകരിച്ചു.

സാങ്കേതിക തകരാറുകൾ ഉണ്ടായ സമയത്തും ഉപഭോക്താക്കളുടെ വിവരങ്ങളോ അക്കൗണ്ട് ബാലൻസോ യാതൊരുവിധത്തിലും ചോർന്നിട്ടില്ലെന്നും പൂർണ്ണ സുരക്ഷിതമാണെന്നും ബാങ്ക് മാനേജ്‌മെന്റ് വ്യക്തമാക്കി. എ.ഡി.സി.ബിയുടെ കോർ ബാങ്കിങ് സിസ്റ്റം, ബ്രാഞ്ചുകൾ, എ.ടി.എം, സി.ഡി.എം ശൃംഖലകൾ, ഡെബിറ്റ്-ക്രെഡിറ്റ് കാർഡ് സേവനങ്ങൾ, കോർപ്പറേറ്റ് ബാങ്കിങ് എന്നിവയെല്ലാം നിലവിൽ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ട്.

ഭൂരിഭാഗം ഉപഭോക്താക്കൾക്കും മൊബൈൽ ആപ്പ് സേവനം ലഭ്യമായിട്ടുണ്ടെങ്കിലും, 'ആസ്പയർ' റീട്ടെയ്ൽ ബാങ്കിങ് വിഭാഗത്തിലെ ചെറിയൊരു ശതമാനം ആളുകൾക്ക് കൂടി ആപ്പ് സേവനം പൂർണ്ണമായി ലഭിക്കാനുണ്ട്. തടസ്സങ്ങളിൽ ഉപഭോക്താക്കളോട് ഖേദം പ്രകടിപ്പിച്ച ബാങ്ക് അധികൃതർ, ബാക്കിയുള്ള ചെറിയ പ്രശ്നങ്ങൾ കൂടി ഉടൻ പരിഹരിക്കുമെന്നും വ്യക്തമാക്കി.