പരസ്യ ലൈസൻസുകൾ ഇനി അഞ്ച് പ്രവൃത്തിദിവസത്തിനുള്ളിൽ; നടപടികൾ വേഗത്തിലാക്കി ബഹ്‌റൈൻ
ബഹ്‌റൈനിൽ വാണിജ്യ പരസ്യങ്ങൾക്കുള്ള ലൈസൻസുകൾ അഞ്ച് പ്രവൃത്തിദിവസത്തിനുള്ളിൽ അനുവദിക്കുമെന്ന് മുനിസിപ്പാലിറ്റി കാര്യ-കർഷക മന്ത്രാലയം അറിയിച്ചു. നിശ്ചിത സാങ്കേതിക-ഭരണപരമായ നിബന്ധനകൾ പൂർത്തിയാക്കുന്ന അപേക്ഷകളിൽ കാലതാമസമില്ലാതെ തീരുമാനമെടുക്കുമെന്ന് മന്ത്രി വാഇൽ അൽ മുബാറക് വ്യക്തമാക്കി. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ നാഷനൽ ഇ-ഗവൺമെന്റ് പോർട്ടൽ വഴിയോ ഡിജിറ്റൽ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
അപേക്ഷകൾ വേഗത്തിൽ പരിശോധിക്കുന്നതിനായി 18 ഭരണനിർവഹണ ഉദ്യോഗസ്ഥരെയും 15 ഇൻസ്പെക്ടർമാരെയും പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ട്. പരസ്യങ്ങളുടെ വലുപ്പം, സ്ഥാനം, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ ഇവർ കർശനമായി പരിശോധിക്കും. കൂടാതെ, പരസ്യങ്ങളിൽ അറബി ഭാഷ തെറ്റുകൂടാതെ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രത്യേക ‘ലിംഗ്വിസ്റ്റിക് റിവ്യൂ’ (Linguistic Review) നടത്താനും തീരുമാനമായിട്ടുണ്ട്.
1973-ലെ പരസ്യ നിയമങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുന്നതിനായി രണ്ട് കരട് നിർദേശങ്ങൾ മന്ത്രാലയം നിയമസഭയ്ക്ക് സമർപ്പിച്ചു. ശൂറാ കൗൺസിൽ അംഗം ഡോ. ഇബ്തിസാം അൽ ദലാലിന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഈ പരിഷ്കാരങ്ങൾ വിശദീകരിച്ചത്.
