ട്രംപിനു പിന്നാലെ പുടിനും ചൈനയിലേക്ക്
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെ, റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ചൈനയിലെത്തുന്നു. ചൊവ്വാഴ്ചയാണ് പുടിന്‍ ചൈനീസ് തലസ്ഥാനത്ത് എത്തുന്നത്. ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപ് ചൈനയില്‍ എത്തിയത്. ഇറാന്‍ യുദ്ധമായിരുന്നു പ്രധാന ചര്‍ച്ചാ വിഷയം. പുടിനും ഇക്കാര്യം തന്നെയാവും ചര്‍ച്ച ചെയ്യുക എന്നാണ് വിവരം. ഇറാന്‍ വിഷയത്തില്‍ പൊതു നിലപാട് സ്വീകരിക്കുന്ന കാര്യം പുടിനും ഷി ജിന്‍പിംഗും ചര്‍ച്ച ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇരുരാജ്യങ്ങള്‍ക്കും താല്‍പ്പര്യമുള്ള വിവിധ വിഷയങ്ങള്‍ മുന്നില്‍ നില്‍ക്കുന്നതിനിടയിലാണ് പുടിന്റെ ചൈനീസ് സന്ദര്‍ശനം. ഇറാന്‍ യുദ്ധം ആഗോള എണ്ണ വിതരണത്തെ ബാധിച്ചത്, യുക്രൈന്‍ യുദ്ധത്തില്‍ നിന്ന് അമേരിക്ക വിട്ടുനില്‍ക്കുന്നത്, ട്രംപിന്റെ അമേരിക്കയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന ആലോചനകള്‍, യുഎസ്-ഇറാന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെടാനാവുമോ എന്ന ചര്‍ച്ചകള്‍ എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ മുന്നിലുണ്ട്. സ്വന്തമായി തുടങ്ങിയ യുദ്ധങ്ങളില്‍ പെട്ടുകിടക്കുന്ന അമേരിക്കയും റഷ്യയും തങ്ങളെ കാണാന്‍ വരുന്നു എന്നത് നേട്ടമായാണ് ചൈന കാണുന്നത്. ഉത്തരവാദിത്തമുള്ള ആഗോള നേതാവായി സ്വയം ഉയര്‍ത്തിക്കാട്ടാനുള്ള അവസരമായാണ് ചൈന ഇത് ഉപയോഗിക്കുന്നത്.
രണ്ട് പതിറ്റാണ്ടിലധികം നീണ്ട ഭരണകാലയളവില്‍ പുടിന്‍ നടത്തുന്ന 25-ാമത് ചൈന സന്ദര്‍ശനമാണിത്. ഈ കാലയളവില്‍ ചൈന-റഷ്യ സഹകരണം ശക്തമായിട്ടുണ്ട്. ഇരുവരും 40 ലധികം തവണ കണ്ടുമുട്ടിയിട്ടുമുണ്ട്. ഔദ്യോഗിക സന്ദര്‍ശനമായതിനാല്‍, ട്രംപിന് നല്‍കിയതുപോലെ ചുവപ്പ് പരവതാനി മുതല്‍ സൈനിക ബാന്‍ഡ് വരെയുള്ള പ്രൗഢമായ സ്വീകരണം പുടിനും ചൈന ഒരുക്കുന്നുണ്ട്.
