ഷാർജയിൽ ബസുകളിലും ടാക്സികളിലും സുരക്ഷ ശക്തമാക്കാൻ എ.ഐ ക്യാമറകൾ
ഷാർജയിലെ പൊതുഗതാഗത സംവിധാനങ്ങളിൽ സുരക്ഷയും സേവന നിലവാരവും വർധിപ്പിക്കുന്നതിന്റെ ഭാഗമായി ബസുകളിലും ടാക്സികളിലും എ.ഐ ക്യാമറകൾ സ്ഥാപിച്ചു. ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (SRTA) നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇന്റർസിറ്റി ബസുകളിൽ പത്തും ടാക്സികളിൽ അഞ്ചും ക്യാമറകൾ വീതമാണ് ക്രമീകരിച്ചിരിക്കുന്നത്.
വാഹനങ്ങളുടെ അകത്തും പുറത്തുമായി ഘടിപ്പിച്ചിട്ടുള്ള ക്യാമറകൾ റോഡിലെ സാഹചര്യങ്ങളും ഡ്രൈവർമാരുടെ ശ്രദ്ധക്കുറവും കൃത്യമായി നിരീക്ഷിക്കും. റോഡിലെ തടസ്സങ്ങൾ, ഓവർടേക്കിങ്, കാൽനടയാത്രക്കാർ എന്നിവ തിരിച്ചറിയാനും അപകടസമയങ്ങളിൽ അധികൃതർക്ക് തത്സമയ മുന്നറിയിപ്പ് നൽകാനും ഈ അത്യാധുനിക സംവിധാനത്തിന് ശേഷിയുണ്ട്.
ഇതിനുപുറമെ ബസുകളിലെ യാത്രക്കാരുടെ എണ്ണം കൃത്യമായി കണക്കാക്കാനും യാത്രക്കാർ മറന്നുവെക്കുന്ന സാധനങ്ങൾ എളുപ്പത്തിൽ കണ്ടെത്താനും സ്മാർട്ട് ക്യാമറകൾ സഹായിക്കും. അത്യാധുനിക സാങ്കേതികവിദ്യയിലൂടെ കൂടുതൽ സുരക്ഷിതവും അന്താരാഷ്ട്ര നിലവാരമുള്ളതുമായ ഗതാഗത സൗകര്യം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് എസ്.ആർ.ടി.എ അധികൃതർ വ്യക്തമാക്കി.
