കോടതി നടപടികൾക്ക് ഇനി എ.ഐ; ലോകത്തിനാദ്യമായി പുതിയ പ്ലാറ്റ്‌ഫോമുമായി അബൂദബി
നിർമിത ബുദ്ധിയുടെ (എ.ഐ) സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി നീതിന്യായ വ്യവസ്ഥയെ കൂടുതൽ വേഗത്തിലാക്കാൻ അബൂദബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ്. കേസ് ഫയലുകൾ അപഗ്രഥിക്കാനും കോടതി നടപടികൾ വേഗത്തിലാക്കാനും എ.ഐ സാങ്കേതികവിദ്യ സമ്പൂർണമായി വിനിയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ ജുഡീഷ്യൽ പ്ലാറ്റ്‌ഫോമാണ് അബൂദബി അവതരിപ്പിച്ചത്.
നൂതന സാങ്കേതികവിദ്യകൾ നീതിന്യായ വ്യവസ്ഥയെ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുമെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്‌യാൻ വ്യക്തമാക്കി. നിയമ ഗവേഷണം, മുൻകാല വിധിന്യായങ്ങളുടെ പരിശോധന, കോടതി രേഖകൾ തയ്യാറാക്കൽ തുടങ്ങിയവ ഇനി ഒറ്റ പ്ലാറ്റ്‌ഫോമിലൂടെ എളുപ്പത്തിൽ സാധ്യമാകും.
ഇത് വിചാരണ നീണ്ടുപോകുന്നത് ഒഴിവാക്കാൻ സഹായിക്കും. അതേസമയം, കേസിന്റെ അന്തിമവിധിയും നിയമപരമായ വിലയിരുത്തലുകളും നടത്താനുള്ള പൂർണ അധികാരം ജഡ്ജിമാർക്ക് തന്നെയായിരിക്കും. ന്യായാധിപർക്ക് കൃത്യമായ തീരുമാനങ്ങളെടുക്കാനുള്ള ഒരു സഹായ സംവിധാനമായി മാത്രമാണ് എ.ഐ പ്രവർത്തിക്കുക.
