മാലിന്യം തള്ളുന്നത് കണ്ടെത്താൻ ഇനി 'എഐ' കണ്ണുകൾ; പുതിയ സംവിധാനവുമായി അബുദാബി

  1. Home
  2. International

മാലിന്യം തള്ളുന്നത് കണ്ടെത്താൻ ഇനി 'എഐ' കണ്ണുകൾ; പുതിയ സംവിധാനവുമായി അബുദാബി

AUH


രാജ്യത്ത് അനധികൃതമായി മാലിന്യം തള്ളുന്നത് കണ്ടെത്താനായി നിർമ്മിത ബുദ്ധിയും (AI) ഉപഗ്രഹ ചിത്രങ്ങളും ഉപയോഗിച്ചുള്ള അത്യാധുനിക നിരീക്ഷണ പദ്ധതിയുമായി അബുദാബി പരിസ്ഥിതി ഏജൻസി (EAD). മാലിന്യ സംസ്കരണം മെച്ചപ്പെടുത്തുന്നതിനും പരിസ്ഥിതി നിരീക്ഷണം ശക്തമാക്കുന്നതിനുമായാണ് ഈ പുതിയ ചുവടുവെപ്പ്.

യുഎഇയിൽ ആദ്യമായാണ് മാലിന്യ നിയന്ത്രണത്തിനായി എഐയും ഉപഗ്രഹ സാങ്കേതികവിദ്യയും ഇത്തരത്തിൽ സംയോജിപ്പിക്കുന്നത്. പരമ്പരാഗത പരിശോധനകൾക്ക് പകരം, ഡാറ്റ സ്വയം വിശകലനം ചെയ്യാനും നിയമലംഘനങ്ങൾ മുൻകൂട്ടി തിരിച്ചറിയാനും ഈ സംവിധാനത്തിന് കഴിയും. അൽ ഐനിലെ അൽ ബുഖൈരിയ പ്രദേശത്ത് നടത്തിയ പരീക്ഷണ പരിശോധനയിൽ മാത്രം ഇത്തരത്തിലുള്ള 150 കേന്ദ്രങ്ങൾ കണ്ടെത്താൻ സാധിച്ചതായി ഇഎഡി സെക്രട്ടറി ജനറൽ ഡോ. ഷൈഖ സലേം അൽ ധാഹേരി പറഞ്ഞു.

മാലിന്യത്തിന്റെ തരം, അത് എത്ര കാലമായി അവിടെയുണ്ട് എന്നിവ കൃത്യമായി നിരീക്ഷിക്കാനും ശുചീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ഇതിലൂടെ സാധിക്കും. യുഎഇയുടെ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്ട്രാറ്റജി 2031'-ന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.