ഫിലിപ്പീൻസിൽ പരിശീലനത്തിനിടെ വ്യോമസേനാ വിമാനങ്ങൾ കൂട്ടിയിടിച്ചു; 4 പൈലറ്റുമാർക്ക് ദാരുണാന്ത്യം
ഫിലിപ്പീൻസിലെ ഫെർണാണ്ടോ എയർബേസിൽ പരിശീലനപ്പറക്കലിനിടെ രണ്ട് സൈനിക വിമാനങ്ങൾ ആകാശത്തുവെച്ച് കൂട്ടിയിടിച്ച് തകർന്നു വീണു. അപകടത്തിൽ നാല് പൈലറ്റുമാർക്ക് ജീവൻ നഷ്ടപ്പെട്ടതായി ഫിലിപ്പീൻസ് വ്യോമസേന ശനിയാഴ്ച അറിയിച്ചു. സിംഗിൾ പ്രൊപ്പല്ലർ SF-260 വിഭാഗത്തിൽപ്പെട്ട വിമാനങ്ങളാണ് അപകടത്തിൽപ്പെട്ടത്.
മനിലയ്ക്ക് തെക്ക് ബതംഗാസ് തീരദേശ പ്രവിശ്യയിലെ ലിപാ സിറ്റിയിലുള്ള ഫെർണാണ്ടോ എയർ ബേസിനുള്ളിലാണ് അപകടമുണ്ടായത്. നാല് പൈലറ്റുമാരും സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. മറ്റ് ആളപായങ്ങളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തെത്തുടർന്ന് അന്വേഷണം പ്രഖ്യാപിച്ച വ്യോമസേന, അന്വേഷണം പൂർത്തിയാകുന്നതുവരെ രാജ്യത്തെ മുഴുവൻ SF-260 വിമാനങ്ങളുടെയും സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു.
