എയർ ഇന്ത്യയും റിയാദ് എയറും കൈകോർക്കുന്നു; ഇന്ത്യ-സൗദി യാത്രക്കാർക്ക് പുതിയ പ്രീമിയം സൗകര്യങ്ങൾ
ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള വ്യോമയാന ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി എയർ ഇന്ത്യയും സൗദിയുടെ പുതിയ വിമാനക്കമ്പനിയായ റിയാദ് എയറും തന്ത്രപ്രധാനമായ കരാറിൽ ഒപ്പുവെച്ചു. ഇരുരാജ്യങ്ങൾക്കുമിടയിലും ഡൽഹി, മുംബൈ, റിയാദ് എന്നീ പ്രധാന നഗരങ്ങൾ വഴിയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും മികച്ച യാത്രാസൗകര്യങ്ങൾ ഒരുക്കുകയാണ് ഈ സഖ്യത്തിന്റെ ലക്ഷ്യം.
ആവശ്യമായ ഔദ്യോഗിക അനുമതികൾ ലഭിക്കുന്നതോടെ ഇരു കമ്പനികളും ഇൻറർലൈൻ, കോഡ്ഷെയർ സംവിധാനങ്ങൾ നിലവിൽ വരുത്തും. ഇതോടെ യാത്രക്കാർക്ക് ഒരൊറ്റ ബുക്കിങ്ങിലൂടെ രണ്ട് വിമാനക്കമ്പനികളുടെയും സർവീസുകൾ ഉപയോഗിക്കാനും കണക്റ്റിംഗ് ഫ്ലൈറ്റുകളിൽ എളുപ്പത്തിൽ യാത്ര ചെയ്യാനും സാധിക്കും. യാത്രാസൗകര്യങ്ങൾക്ക് പുറമെ ലോയൽറ്റി പ്രോഗ്രാം ആനുകൂല്യങ്ങൾ പരസ്പരം പങ്കിടാനും, കാർഗോ സർവീസുകൾ കൂടുതൽ കാര്യക്ഷമമാക്കാനും സാങ്കേതിക പങ്കാളിത്തം ഉറപ്പാക്കാനും ഇരു കമ്പനികളും തീരുമാനിച്ചിട്ടുണ്ട്.
ആഗോളതലത്തിൽ അതിവേഗം വളരുന്ന രണ്ട് വിപണികളാണ് ഇന്ത്യയും സൗദിയെന്നും, റിയാദ് എയറുമായുള്ള കൈകോർക്കൽ യാത്രക്കാർക്ക് മികച്ച ചോയിസുകൾ നൽകുമെന്നും എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസൺ പറഞ്ഞു. എയർ ഇന്ത്യയുമായുള്ള ഈ പങ്കാളിത്തം റിയാദ് എയറിന്റെ ദൗത്യത്തിലെ നിർണായക ചുവടുവെപ്പാണെന്ന് റിയാദ് എയർ സിഇഒ ടോണി ഡഗ്ലസ് വ്യക്തമാക്കി.
ഇന്ത്യയും സൗദിയും തമ്മിലുള്ള ബിസിനസ്സ്, ടൂറിസം, പ്രവാസി യാത്രകൾ എന്നിവയ്ക്ക് ഈ പുതിയ സഖ്യം ഏറെ പ്രയോജനപ്പെടും. ജൂലൈ ഒന്നിന് റിയാദ് എയറിന്റെ ആദ്യ വിമാനം പറന്നുയരുന്നതോടെ, ഇന്ത്യൻ യാത്രക്കാർക്ക് റിയാദ് വഴി യുകെയിലേക്കും യൂറോപ്പിലേക്കും പ്രീമിയം സൗകര്യങ്ങളോടെ യാത്ര ചെയ്യാനുള്ള പുതിയൊരു അവസരം കൂടിയാണ് തുറക്കപ്പെടുന്നത്.
