സൗദിയിലേക്കുള്ള വിമാന സർവീസുകൾ ഒക്ടോബർ 20 വരെ റദ്ദാക്കി എയർ ഇന്ത്യ; ടിക്കറ്റ് നിരക്കിൽ വൻ വർദ്ധനവ്

  1. Home
  2. International

സൗദിയിലേക്കുള്ള വിമാന സർവീസുകൾ ഒക്ടോബർ 20 വരെ റദ്ദാക്കി എയർ ഇന്ത്യ; ടിക്കറ്റ് നിരക്കിൽ വൻ വർദ്ധനവ്

air india


പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ രൂക്ഷമായ സാഹചര്യത്തിൽ സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയത് ഒക്ടോബർ 20 വരെ നീട്ടിയതായി എയർ ഇന്ത്യ അറിയിച്ചു. റിയാദ്, ദമ്മാം, ജിദ്ദ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾക്കാണ് ഈ നിയന്ത്രണം ബാധകമായിട്ടുള്ളത്. മുൻപ് ഒക്ടോബർ 17 വരെ സർവീസുകൾ നിർത്തിവെക്കുമെന്നാണ് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും അറിയിച്ചിരുന്നതെങ്കിലും സുരക്ഷ മുൻനിർത്തി തീയതി നീട്ടുകയായിരുന്നു. സർവീസ് റദ്ദാക്കിയതുമൂലം യാത്ര തടസ്സപ്പെട്ടവർക്ക് ടിക്കറ്റ് തുക പൂർണ്ണമായും തിരികെ നൽകുമെന്ന് എയർലൈൻ വ്യക്തമാക്കിയിട്ടുണ്ട്.

നേരിട്ടുള്ള സർവീസുകൾ താൽക്കാലികമായി നിലച്ചതോടെ സൗദിയിലേക്കുള്ള ടിക്കറ്റ് നിരക്കുകളിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുൻപ് 20,000 രൂപയിൽ താഴെയുണ്ടായിരുന്ന കോഴിക്കോട്-ജിദ്ദ ഒറ്റത്തവണ യാത്രയ്ക്ക് നിലവിൽ നിരക്ക് 3,19,884 രൂപ വരെയായി ഉയർന്നു. കണക്ഷൻ വിമാനങ്ങൾ നടത്തുന്ന എമിറേറ്റ്‌സ്, ഖത്തർ എയർവേയ്‌സ് തുടങ്ങിയ കമ്പനികളാണ് ഉയർന്ന നിരക്ക് ഈടാക്കുന്നത്.

ജിദ്ദയിലേക്ക് എമിറേറ്റ്‌സ് 2.82 ലക്ഷം മുതൽ 3.19 ലക്ഷം രൂപ വരെയും ഖത്തർ എയർവേയ്‌സ് 1.42 ലക്ഷം രൂപ വരെയുമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഒമാൻ എയർ 37,723 രൂപ മുതലുള്ള നിരക്കുകളിൽ സർവീസ് നടത്തുന്നു. കൂടാതെ, നേരിട്ടുള്ള സർവീസുകളില്ലാത്തതിനാൽ മുൻപ് 4 മണിക്കൂറിൽ താഴെയായിരുന്ന യാത്രാസമയം കണക്ഷൻ വിമാനങ്ങൾ വഴിയായതോടെ 15 മുതൽ 25 മണിക്കൂർ വരെയായി ദീർഘിച്ചിട്ടുണ്ട്.