വിമാനയാത്രക്കാരുടെ പരാതികൾ ഇനി 'സഹൽ' വഴി; സേവനങ്ങൾ വേഗത്തിലാക്കാൻ ഡി.ജി.സി.എ

  1. Home
  2. International

വിമാനയാത്രക്കാരുടെ പരാതികൾ ഇനി 'സഹൽ' വഴി; സേവനങ്ങൾ വേഗത്തിലാക്കാൻ ഡി.ജി.സി.എ

SAHEL


വിമാനയാത്രയുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കാൻ ഏകീകൃത സർക്കാർ ആപ്പായ 'സഹൽ' (Sahel) പ്രയോജനപ്പെടുത്തണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു. യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പരാതികളിൽ വേഗത്തിൽ നടപടിയെടുക്കുന്നതിനും ഡിജിറ്റൽ പ്ലാറ്റ്‌ഫോം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

യാത്രക്കാർക്ക് നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളായ വിമാന കാലതാമസം, ലഗേജ് നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്യുക, വിമാനങ്ങൾ റദ്ദാക്കുക, ടിക്കറ്റ് ബുക്കിംഗിലെ മാറ്റങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ ആപ്പ് വഴി സമർപ്പിക്കാം. കൂടാതെ, ബുക്കിംഗ് ക്ലാസിലെ മാറ്റം, യാത്രക്കാരെ വിമാനത്തിൽ കയറ്റാൻ വിസമ്മതിക്കൽ (Denied Boarding), സാമ്പത്തിക ക്ലെയിമുകൾ, പാക്കേജ് ടൂറുകൾ, ഡമ്മി ബുക്കിംഗുകൾ എന്നിവയും ഇതിലൂടെ റിപ്പോർട്ട് ചെയ്യാം.

പറന്നുയർന്നതിന് ശേഷം വിമാനം തിരിച്ചിറക്കേണ്ടി വരിക, വിമാനത്തിനുള്ളിൽ സംഭവിക്കുന്ന അപകടങ്ങൾ അല്ലെങ്കിൽ മരണം, വ്യോമഗതാഗത വിപണിയുമായി ബന്ധപ്പെട്ട മറ്റ് പരാതികൾ എന്നിവയും ഡി.ജി.സി.എയുടെ ശ്രദ്ധയിൽപ്പെടുത്താവുന്നതാണ്. വിമാനക്കമ്പനികളും യാത്രക്കാരും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുന്നതിനും വിമാനയാത്ര കൂടുതൽ സുരക്ഷിതവും സുതാര്യവുമാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ ഡിജിറ്റൽ സേവനം വിപുലീകരിച്ചതെന്ന് അധികൃതർ ഔദ്യോഗിക കുറിപ്പിൽ അറിയിച്ചു.