എയർബസ് A380 ചിറകിൽ തകരാർ; അടിയന്തര പരിശോധനകൾ ആരംഭിച്ച് എമിറേറ്റ്‌സ്
എയർബസിന്റെ എ380 (A380) സൂപ്പർജംബോ വിമാനങ്ങളുടെ പ്രധാന ചിറകുകളിൽ വിള്ളൽ കണ്ടെത്തിയ സാഹചര്യത്തിൽ, തങ്ങളുടെ വിമാനങ്ങളിൽ അടിയന്തര പരിശോധനകൾ ആരംഭിച്ചതായി എമിറേറ്റ്സ് എയർലൈൻ അറിയിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി 16 എയർബസ് എ380 വിമാനങ്ങൾ അടിയന്തരമായി പരിശോധിക്കാൻ യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി (EASA) ഉത്തരവിട്ടിരുന്നു. ഇതിൽ 15 വിമാനങ്ങളും ദുബായ് ആസ്ഥാനമായ എമിറേറ്റ്‌സിന്റേതാണ്. അവശേഷിക്കുന്ന ഒരെണ്ണം ഓസ്‌ട്രേലിയൻ വിമാനക്കമ്പനിയായ ക്വാണ്ടാസിന്റേതുമാണ്.
പരിശോധനയ്ക്ക് നിർദ്ദേശിച്ച വിമാനങ്ങളിൽ അഞ്ചെണ്ണം അടുത്ത സർവീസിന് മുൻപ് തന്നെ അടിയന്തര പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് നിർദ്ദേശം. നിർമ്മാതാക്കളായ എയർബസ് തന്നെയാണ് വിമാനങ്ങളുടെ ചിറകുകളിൽ വിള്ളലുകൾ ഉള്ളതായി കണ്ടെത്തിയത്. യാത്രക്കാരുടെ സുരക്ഷയ്ക്ക് തന്നെയാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും വിമാനങ്ങൾ കൃത്യമായ പരിശോധനകൾക്ക് വിധേയമാക്കുമെന്നും എമിറേറ്റ്സ് വക്താവ് വ്യക്തമാക്കി.
