വിമാന നിരക്ക് ചൂഷണം: സംസ്ഥാനത്തിന് ഏകപക്ഷീയമായി ഇടപെടാൻ കഴിയില്ലെന്ന് പിണറായി വിജയൻ
പ്രവാസി മലയാളികൾ ഉയർത്തിവരുന്ന വിമാന ടിക്കറ്റ് നിരക്കിലെ അനിയന്ത്രിത വർധനയും ചൂഷണവും തടയാൻ ഇനിയും കഴിഞ്ഞിട്ടില്ലെന്നും സംസ്ഥാന സർക്കാറിന് ഇതിൽ ഏകപക്ഷീയമായി ഒന്നും ചെയ്യാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിമാനക്കമ്പനികളുടെ കൊള്ളക്ക് തടയിടാൻ ചാർട്ടേഡ് വിമാന സർവിസ് എന്ന ആശയമുയർന്നെങ്കിലും ഇത് പ്രാവർത്തികമാവുന്നതിന് സാങ്കേതിക ബുദ്ധിമുട്ടുകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ സ്‌ക്കൂളുകൾ മെച്ചപ്പെടുത്താനുള്ള ശ്രമം സർക്കാർ തുടരുകയാണെന്നും കേരളത്തിനു പുറത്ത് സ്‌കൂളുകൾ തുടങ്ങുന്നത് സർക്കാറിന്റെ അജണ്ടയിലില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, മലയാളം പഠിപ്പിക്കുന്ന മലയാളം മിഷന്റെ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടുപോവും. പവർ ഓഫ് അറ്റോണി നടപടികൾ ലളിതമാക്കുന്നതിനായി ഇ-പവർ ഓഫ് അറ്റോണിയെന്ന സൗകര്യവും ആലോചിക്കും. നോർക്ക കാർഡ് എല്ലാവരെക്കൊണ്ടും എടുപ്പിക്കാൻ സംഘടനകൾ ശ്രമിക്കണം. നിയമസ ഹായങ്ങൾക്കായി എംബസിയുമായി സംഘടനകൾ നല്ല ബന്ധം സ്ഥാപിക്കണമെന്നും മുഖ്യമന്ത്രി നിദേശിച്ചു .അംഗീകൃത മാർഗത്തിലൂടെയാണ് നിയമസഹായം ലഭ്യമാകേണ്ടതെന്നും അതിനായി എംബസി ഇടപെടേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
