അജ്മാൻ - ഗ്ലോബൽ വില്ലേജ് ബസ് സർവീസ് പുനരാരംഭിച്ചു; ടിക്കറ്റ് നിരക്ക് 25 ദിർഹം
സന്ദർശകർക്ക് ആശ്വാസമായി അജ്മാനിൽ നിന്ന് ദുബായ് ഗ്ലോബൽ വില്ലേജിലേക്കുള്ള ബസ് സർവീസുകൾ പുനരാരംഭിച്ചു. ഗ്ലോബൽ വില്ലേജിന്റെ 30-ാം സീസൺ ആരംഭിച്ച പശ്ചാത്തലത്തിൽ, സന്ദർശകരുടെ യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി സർവീസുകൾ വീണ്ടും തുടങ്ങിയത്. അജ്മാനിലെ അൽ മുസല്ല സ്റ്റേഷനിൽ നിന്നാണ് ബസുകൾ പുറപ്പെടുന്നത്.
പ്രവൃത്തിദിവസങ്ങളിൽ ഉച്ചയ്ക്ക് 2.15, വൈകുന്നേരം 4.45, രാത്രി 6.15 എന്നീ സമയങ്ങളിലാണ് അജ്മാനിൽ നിന്ന് ഗ്ലോബൽ വില്ലേജിലേക്ക് ബസ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. തിരികെ ഗ്ലോബൽ വില്ലേജിൽ നിന്ന് വൈകുന്നേരം 3.45, രാത്രി 10.30, 12.30 എന്നീ സമയങ്ങളിൽ അജ്മാനിലേക്ക് ബസുകൾ ഉണ്ടാകും. വാരാന്ത്യങ്ങളിൽ (Weekends) ഗ്ലോബൽ വില്ലേജിൽ നിന്നുള്ള അവസാന ബസ് രാത്രി 1.30-നായിരിക്കും പുറപ്പെടുക.
ഒരു വശത്തേക്കുള്ള യാത്രയ്ക്ക് 25 ദിർഹമാണ് ടിക്കറ്റ് നിരക്ക് എന്ന് പബ്ലിക് ട്രാൻസ്‌പോർട്ട് അധികൃതർ വ്യക്തമാക്കി. ദുബായിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഗ്ലോബൽ വില്ലേജിലേക്ക് കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാൻ ഈ സർവീസ് പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും ഏറെ ഉപകരിക്കും. സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാൻ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും സ്റ്റേഷനുകളിൽ ഒരുക്കിയിട്ടുണ്ട്.
