അജ്മാൻ ഗതാഗത അതോറിറ്റി 5,681 പെർമിറ്റുകൾ നൽകി; ആദ്യ പാദത്തിൽ 35 ശതമാനം വർധനവ്

  1. Home
  2. International

അജ്മാൻ ഗതാഗത അതോറിറ്റി 5,681 പെർമിറ്റുകൾ നൽകി; ആദ്യ പാദത്തിൽ 35 ശതമാനം വർധനവ്

ajman


2026-ലെ ആദ്യ പാദത്തിൽ പെർമിറ്റുകൾ നൽകുന്ന കാര്യത്തിൽ മികച്ച നേട്ടം കൈവരിച്ച് അജ്മാൻ ഗതാഗത അതോറിറ്റി. ഈ വർഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങൾക്കുള്ളിൽ 5,681 പെർമിറ്റുകളാണ് അതോറിറ്റി അനുവദിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നൽകിയ 4,209 പെർമിറ്റുകളെ അപേക്ഷിച്ച് 35 ശതമാനം വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. സേവനങ്ങളുടെ പ്രവർത്തന കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനായി അതോറിറ്റി സ്വീകരിച്ച നൂതന നടപടികളുടെ ഫലമായാണ് ഈ നേട്ടം കൈവരിക്കാനായത്.

വാണിജ്യ ലൈസൻസുകൾ, പാസഞ്ചർ ട്രാൻസ്‌പോർട്ട് പെർമിറ്റുകൾ, ട്രക്ക്-മെഷിനറി പെർമിറ്റുകൾ, സ്കൂൾ ബസ് ഡ്രൈവർമാർക്കും സൂപ്പർവൈസർമാർക്കുമുള്ള പെർമിറ്റുകൾ, ഡെലിവറി സർവീസ് പെർമിറ്റുകൾ തുടങ്ങി വിവിധ വിഭാഗങ്ങളിലായാണ് ഇത്രയും അനുമതികൾ നൽകിയത്. കൂടാതെ, എമിറേറ്റിന് പുറത്തുനിന്നുള്ള ടൂറിസം, ലിമോസിൻ വാഹനങ്ങൾക്കുള്ള പെർമിറ്റുകളും ഇതിൽ ഉൾപ്പെടുന്നു. ഓരോ മേഖലയ്ക്കും ആവശ്യമായ സേവനങ്ങൾ വേഗത്തിലും കൃത്യതയായും ലഭ്യമാക്കാൻ സാധിച്ചു എന്നത് അതോറിറ്റിയുടെ വലിയ നേട്ടമാണ്.

സേവനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുന്നതിനായുള്ള അതോറിറ്റിയുടെ പ്രതിബദ്ധതയാണ് ഈ കണക്കുകളിൽ പ്രതിഫലിക്കുന്നതെന്ന് പബ്ലിക് ട്രാൻസ്‌പോർട്ട് ആൻഡ് ലൈസൻസിങ് കോർപറേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ എൻജിനീയർ സാമി അലി അൽ ജലാഫ് പറഞ്ഞു. ഗതാഗത മേഖലയിലെ വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം തന്നെ സുരക്ഷയ്ക്കും നിയമപരമായ നിബന്ധനകൾക്കും അതോറിറ്റി അതീവ പ്രാധാന്യമാണ് നൽകുന്നത്. അജ്മാൻ എമിറേറ്റിലെ ഗതാഗത മേഖലയെ കൂടുതൽ നവീകരിക്കുന്നതിന്റെ ഭാഗമാണ് ഈ പ്രവർത്തനങ്ങൾ.