സൗദിയിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം; ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തുവിട്ട് റിയാദ് എംബസി
പശ്ചിമേഷ്യയിലെ നിലവിലെ അസ്ഥിരമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് സൗദി അറേബ്യയിലുള്ള ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന് റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു. പ്രാദേശിക ഭരണകൂടവും എംബസിയും നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പിന്തുടരണമെന്ന് ഔദ്യോഗിക വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളിൽ പൗരന്മാരെ സഹായിക്കുന്നതിനായി റിയാദ് എംബസിയും ജിദ്ദ കോൺസുലേറ്റും 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തുവിട്ടിട്ടുണ്ട്.
നിലവിൽ റിയാദിലെ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും വി.എഫ്.എസ് സെന്ററുകളും സാധാരണ നിലയിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. നിശ്ചയിച്ച പ്രകാരമുള്ള കോൺസുലർ ക്യാമ്പുകൾ മാറ്റമില്ലാതെ തുടരും. വിമാന സർവീസുകളെ സംബന്ധിച്ച ആശങ്കകൾക്കും എംബസി മറുപടി നൽകി. റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള സർവീസുകൾ തടസ്സമില്ലാതെ നടക്കുന്നുണ്ട്. ജിദ്ദയിൽ നിന്നും മദീനയിൽ നിന്നുമുള്ള വിമാനങ്ങൾ ഷെഡ്യൂൾ അനുസരിച്ച് സർവീസ് പുനരാരംഭിച്ചിട്ടുണ്ട്. യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ടിക്കറ്റ് ലഭ്യത പരിശോധിച്ച് യാത്ര പ്ലാൻ ചെയ്യാവുന്നതാണ്.
ഏറ്റവും പുതിയ വിവരങ്ങൾക്കും ഔദ്യോഗിക അറിയിപ്പുകൾക്കുമായി എംബസിയുടെ എക്സ് (X), ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പേജുകൾ ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. സംശയങ്ങൾക്കും സഹായങ്ങൾക്കുമായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
റിയാദ് എംബസി ഹെൽപ്പ് ലൈൻ: ഫോൺ: 00-966-11-4884697 | വാട്സാപ്പ്: 00-966-542126748 ടോൾ ഫ്രീ: 800 247 1234 | ഇമെയിൽ: cw.riyadh@mea.gov.in
ജിദ്ദ കോൺസുലേറ്റ് ഹെൽപ്പ് ലൈൻ: വാട്സാപ്പ്: +966 536209704 | മൊബൈൽ: +966 556122301 ഫോൺ: 00-966-126648660 / 00-966-12-2614093 ടോൾ ഫ്രീ: 800 244 0003 | ഇമെയിൽ: conscw.jeddah@mea.gov.in
