ആക്രമിക്കപ്പെട്ട കപ്പലിലെ 21 ഇന്ത്യൻ ജീവനക്കാരും ഒമാനിൽ നിന്ന് നാട്ടിലേക്ക് മടങ്ങി
ഒമാൻ തീരത്ത് ആക്രമണത്തിന് ഇരയായ 'എം.ടി സെറ്റെബെല്ലോ' (MT Settebello) കപ്പലിലെ 21 ഇന്ത്യൻ ജീവനക്കാരും സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങിയതായി മസ്‌കത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഒമാനിലെ സുഹാറിനടുത്തുവെച്ചാണ് പലാവു പതാക ഘടിപ്പിച്ച ഈ കപ്പലിന് നേരെ ആക്രമണമുണ്ടായത്. തുടർന്ന് ഒമാൻ അധികൃതരുടെ സഹായത്തോടെയാണ് ഇന്ത്യൻ ജീവനക്കാരെ രക്ഷപ്പെടുത്തിയത്. ഇന്ത്യയിലേക്ക് തിരിക്കും മുൻപ് ഇവർ ഒമാനിലെ ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെയെ സന്ദർശിച്ചു.
സുഹാർ തീരത്ത് നിന്ന് ഏകദേശം 30 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് കപ്പലിന് നേരെ ആക്രമണമുണ്ടായതെന്ന് എംബസി വ്യക്തമാക്കി. വിവരമറിഞ്ഞ ഉടൻ ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ തിരച്ചിലും രക്ഷാപ്രവർത്തനവും ആരംഭിക്കുകയായിരുന്നു. കപ്പലിലുണ്ടായിരുന്ന 21 ഇന്ത്യക്കാരെയും വിജയകരമായി രക്ഷപ്പെടുത്താനായെങ്കിലും ദൗർഭാഗ്യവശാൽ ആക്രമണത്തിൽ മൂന്ന് നാവികർക്ക് ജീവൻ നഷ്ടപ്പെട്ടു.
