മനുഷ്യക്കടത്തിനെതിരെ 'അമാൻ 2'; ഒമാനിൽ ഒരു മാസം നീളുന്ന ബോധവത്കരണ കാമ്പയിന് തുടക്കമായി
മനുഷ്യക്കടത്ത് തടയുന്നതിനായി ഒമാനിൽ മനുഷ്യക്കടത്ത് വിരുദ്ധ ദേശീയ സമിതിയുടെ നേതൃത്വത്തിൽ ‘അമാൻ 2’ എന്ന പേരിൽ ഒരു മാസം നീളുന്ന ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു. ‘ബോധവത്കരണം എല്ലാവരുടെയും അവകാശം’ എന്ന പ്രമേയത്തിലാണ് ഈ കാമ്പയിൻ സംഘടിപ്പിക്കുന്നത്. മനുഷ്യക്കടത്തിന്റെ അപകടങ്ങളും പ്രത്യാഘാതങ്ങളും സംബന്ധിച്ച് പൊതുജനങ്ങളിൽ കൃത്യമായ അവബോധം വളർത്തുകയാണ് കാമ്പയിന്റെ പ്രധാന ലക്ഷ്യം.
ഒരു മാസം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളും പ്രവർത്തനങ്ങളുമാണ് കാമ്പയിന്റെ ഭാഗമായി നടപ്പിലാക്കുക. മനുഷ്യക്കടത്തിന്റെ വിവിധ രൂപങ്ങൾ, അവയുടെ സൂചനകൾ എന്നിവ തിരിച്ചറിയുന്നതിനൊപ്പം സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കാനും കാമ്പയിൻ ലക്ഷ്യമിടുന്നു. ഇരകളാകുന്നവർക്ക് നൽകേണ്ട പിന്തുണയും ശാക്തീകരണ പ്രവർത്തനങ്ങളും കാമ്പയിനിൽ പ്രധാന ശ്രദ്ധാകേന്ദ്രമായിരിക്കും.
രാജ്യത്തെ വിവിധ വിഭാഗങ്ങളിലേക്ക് സന്ദേശമെത്തിക്കുന്ന തരത്തിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. മനുഷ്യക്കടത്ത് തടയുന്നതിനും അപകടസാധ്യതയുള്ള വ്യക്തികൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ഒമാന്റെ നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് അമാൻ 2 നടപ്പിലാക്കുന്നത്.
