15,300 കോടി രൂപയ്ക്ക് ടീമിനെ സ്വന്തമാക്കി അമേരിക്കൻ വ്യവസായി
ഐപിഎൽ ചരിത്രത്തിലെ റെക്കോര്‍ഡ് തുകയ്ക്ക് അമേരിക്കന്‍ വ്യവസായി രാജസ്ഥാൻ റോയൽസിനെ സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്. അമേരിക്കൻ വ്യവസായി കൽ സോമാനിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം 1.63 ബില്യൺ ഡോളറിന് (ഏകദേശം 15,300 കോടി രൂപ) രാജസ്ഥാൻ റോയൽസിനെ സ്വന്തമാക്കിയതായാണ് വിവരം. വാൾമാർട്ട് ഗ്രൂപ്പിന്‍റെ റോബ് വാൾട്ടൺ, ഹാംപ് ഫാമിലി എന്നിവരുടെ പിന്തുണയോടെയാണ് സോമാനി ഈ വമ്പൻ കരാർ ഉറപ്പിച്ചതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഐപിഎൽ 2026 സീസണിന് ശേഷം ഈ മാറ്റം ഔദ്യോഗികമായി നിലവിൽ വരുമെന്നാണ് സൂചന.
ഐപിഎൽ ചരിത്രത്തിൽ ഇതുവരെ നടന്നതിൽ വെച്ച് ഏറ്റവും വലിയ ടീം വിൽപനയാണിത്. കഴിഞ്ഞ വർഷം ഗുജറാത്ത് ടൈറ്റൻസിന്റെ 67% ഓഹരികൾ ടോറന്‍റ് ഗ്രൂപ്പ് സ്വന്തമാക്കിയത് ഏകദേശം 5,025 കോടി രൂപയ്ക്കായിരുന്നു. ആ റെക്കോർഡാണ് ഇപ്പോൾ രാജസ്ഥാൻ റോയൽസ് തിരുത്തിക്കുറിച്ചിരിക്കുന്നത്. മനോജ് ബദാലെയുടെ നേതൃത്വത്തിലുള്ള എമർജിംഗ് മീഡിയ ഗ്രൂപ്പിന്‍റെ കൈവശമാണ് നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ 65% ഓഹരികളുള്ളത്.
