അമേരിക്കയുടേത് 'കടൽക്കൊള്ള'; ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ

  1. Home
  2. International

അമേരിക്കയുടേത് 'കടൽക്കൊള്ള'; ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ

iran ship


ഒമാൻ കടലിൽ വെച്ച് ഇറാന്റെ ചരക്കുക്കപ്പൽ അമേരിക്ക പിടിച്ചെടുത്തതിനെത്തുടർന്ന് മേഖലയിൽ യുദ്ധപ്രതീതി ശക്തമാകുന്നു. അമേരിക്കയുടേത് സായുധ കടൽക്കൊള്ളയാണെന്നും ഇതിന് ഉചിതമായ മറുപടി നൽകുമെന്നും ഇറാന്റെ ഖതം അൽ-അൻബിയ മിലിട്ടറി കമാൻഡ് വക്താവ് മുന്നറിയിപ്പ് നൽകി. ചൈനയിൽ നിന്ന് ഇറാനിലേക്ക് വരികയായിരുന്ന കപ്പൽ വെടിനിർത്തൽ കരാർ ലംഘിച്ചാണ് അമേരിക്ക തടഞ്ഞതെന്ന് ഇറാൻ ആരോപിച്ചു.

യുഎസ് മറീനുകൾ കപ്പലിൽ അതിക്രമിച്ചു കയറി നാവിഗേഷൻ സംവിധാനങ്ങൾ തകർത്തതായും ഇറാന്റെ സായുധ സേന ഉടൻ തന്നെ ഇതിനോട് പ്രതികരിക്കുമെന്നും വക്താവ് വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിന് സമീപം അമേരിക്കൻ ഉപരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ കപ്പൽ കസ്റ്റഡിയിലെടുത്തതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് ആദ്യം അറിയിച്ചത്. എന്നാൽ ഇത് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്നാണ് ഇറാന്റെ നിലപാട്.

സംഭവം നടന്നതോടെ ഗൾഫ് മേഖലയിൽ വീണ്ടും സംഘർഷസാധ്യത ഏറിയിരിക്കുകയാണ്. കപ്പൽ പിടിച്ചെടുത്ത നടപടിയിലൂടെ അമേരിക്ക പ്രകോപനം സൃഷ്ടിക്കുകയാണെന്ന് ഇറാൻ കുറ്റപ്പെടുത്തി. ലോകത്തെ പ്രധാന വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിലെ സുരക്ഷയെ ഈ സംഭവം ബാധിച്ചേക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളായതോടെ ആഗോള വിപണിയിലും ഇതിന്റെ പ്രതിഫലനങ്ങൾ ദൃശ്യമായേക്കാം.