ഒപ്പമുണ്ട് യുഎഇ; സന്ദർശകരുടെ താമസം നീട്ടണം, ചെലവ് സർക്കാർ വഹിക്കും; ഹോട്ടലുകൾക്ക് നിർദേശം
പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് വിമാന സർവീസുകൾ മുടങ്ങി യുഎഇയിൽ കുടുങ്ങിപ്പോയ അന്താരാഷ്ട്ര സന്ദർശകർക്ക് കൈത്താങ്ങുമായി ദുബായ്, അബുദാബി ഭരണകൂടങ്ങൾ. യാത്ര മുടങ്ങിയതിനെത്തുടർന്ന് മടങ്ങിപ്പോകാൻ കഴിയാത്ത സന്ദർശകർക്ക് താമസസൗകര്യം നീട്ടിനൽകാൻ ഹോട്ടലുകൾക്ക് അധികൃതർ കർശന നിർദേശം നൽകി. അതിഥികളുടെ ക്ഷേമത്തിന് മുൻഗണന നൽകണമെന്നും രാജ്യം വിടാൻ കഴിയാത്തവരോട് മുറികൾ ഒഴിയാൻ ആവശ്യപ്പെടരുതെന്നും ദുബായ് സാമ്പത്തിക-ടൂറിസം വകുപ്പ് അറിയിച്ചു.
ദുബായിലെ ഹോട്ടലുകളിൽ കഴിയുന്ന അതിഥികൾക്ക് അവരുടെ ബുക്കിംഗ് നിബന്ധനകൾക്കനുസരിച്ച് താമസം നീട്ടി നൽകണം. അധികച്ചെലവ് വഹിക്കാൻ കഴിയാത്തവരോട് മുറി ഒഴിയാൻ ആവശ്യപ്പെടരുത് എന്നും ഇത്തരം കേസുകൾ വകുപ്പിനെ നേരിട്ട് അറിയിക്കണമെന്നും നിർദേശമുണ്ട്. സന്ദർശകർക്ക് താമസസൗകര്യത്തിൽ യാതൊരു തടസ്സവും ഉണ്ടാകില്ലെന്ന് ഹോട്ടലുകൾ ഉറപ്പുവരുത്തണം.
അബുദാബിയിൽ കുടുങ്ങിയ സന്ദർശകർക്ക് കൂടുതൽ വിപുലമായ സഹായങ്ങളാണ് ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്. യാത്രാസൗകര്യങ്ങൾ പുനരാരംഭിക്കുന്നത് വരെ സന്ദർശകർക്ക് താമസിക്കാൻ സൗകര്യമൊരുക്കണമെന്നും ഇതിന്റെ ചെലവ് സർക്കാർ വഹിക്കുമെന്നും അബുദാബി സാംസ്‌കാരിക-ടൂറിസം വകുപ്പ് വ്യക്തമാക്കി. ഹോട്ടലുകൾക്ക് ഇതുസംബന്ധിച്ച സർക്കുലർ നൽകിക്കഴിഞ്ഞു. താമസച്ചെലവിന്റെ ഇൻവോയ്‌സുകൾ ഹോട്ടലുകൾ നേരിട്ട് വകുപ്പിന് സമർപ്പിക്കണം. പ്രതിസന്ധി ഘട്ടത്തിൽ വിദേശികൾക്ക് സുരക്ഷയും കരുതലും ഉറപ്പാക്കുന്ന യുഎഇയുടെ നടപടി വലിയ പ്രശംസ പിടിച്ചുപറ്റുകയാണ്.
