റഫ അതിർത്തി സന്ദർശിച്ച് ആഞ്ജലീന ജോളി
ഗസ്സയിൽ തുടരുന്ന കഠിനമായ മാനുഷിക പ്രതിസന്ധിയിൽ ആഗോളതലത്തിൽ പ്രതിഷേധവും ഐക്യദാർഢ്യവും ശക്തമാകുന്നു. ഹോളിവുഡിലെ പ്രമുഖ താരങ്ങളായ ആഞ്ജലീന ജോളി, ജാവിയർ ബർദെം, ജാക്കി ചാൻ എന്നിവർ ഗസ്സയിലെ ദുരവസ്ഥയിൽ തങ്ങളുടെ ആശങ്ക പരസ്യമായി പ്രകടിപ്പിച്ചു.
നടിയും യു.എൻ അഭയാർത്ഥി ഏജൻസിയുടെ മുൻ പ്രതിനിധിയുമായ ആഞ്ജലീന ജോളി വെള്ളിയാഴ്ച ഈജിപ്ത് അതിർത്തിയിലെ റഫ ക്രോസിങ് സന്ദർശിച്ചു. ഗസ്സയിലേക്കുള്ള സഹായങ്ങൾ എത്തിക്കുന്നതിൽ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് അവർ സഹായ ഏജൻസികളുമായി നേരിട്ട് ചർച്ച നടത്തി. ഗസ്സയിലെ സംഘടനകൾക്ക് ഇസ്രായേൽ വിലക്കേർപ്പെടുത്തിയ സാഹചര്യത്തിലാണ് ഈ സന്ദർശനം.
ഗസ്സയിലെ സഹായം തടയുന്നത് സിവിലിയന്മാർക്കെതിരായ ആക്രമണമാണെന്ന് ഓസ്കാർ ജേതാവ് ജാവിയർ ബർദെം ഇൻസ്റ്റഗ്രാമിലൂടെ പ്രതികരിച്ചു. "വംശഹത്യ അവസാനിച്ചിട്ടില്ല. സഹായം നൽകുന്നതിൽ നിന്ന് സംഘടനകളെ വിലക്കുന്നത് അവിടുത്തെ ജനതയെ ലക്ഷ്യം വെച്ചുള്ള തുടർച്ചയായ ആക്രമണമാണ്," അദ്ദേഹം കുറിച്ചു. ഇസ്രായേൽ മനുഷ്യാവകാശ സംഘടനയായ 'ബി സെലെമി'ന്റെ വിവരങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.
ആയോധനകലാ താരം ജാക്കി ചാനും തന്റെ വേദന പങ്കുവെച്ചു. ഗസ്സയിലെ കുട്ടികളെക്കുറിച്ചുള്ള ഒരു വീഡിയോ കണ്ട് താൻ വികാരാധീനനായെന്ന് അദ്ദേഹം പറഞ്ഞു. "നീ വലുതാകുമ്പോൾ എന്താകും?" എന്ന ചോദ്യത്തിന് "ഇവിടുത്തെ കുട്ടികൾ ഒരിക്കലും വളരില്ല" എന്ന് ഒരു കുട്ടി നൽകുന്ന മറുപടി തന്റെ ഹൃദയം തകർത്തുവെന്ന് ജാക്കി ചാൻ വെളിപ്പെടുത്തി. കുട്ടികളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്താൻ ലോകമെമ്പാടുമുള്ളവരോട് അദ്ദേഹം അഭ്യർത്ഥിച്ചു.
