കുവൈത്തിൽ വീണ്ടും ആക്രമണം; അതിർത്തി കടന്നെത്തിയ ഡ്രോണുകളും മിസൈലുകളും പ്രതിരോധിക്കുന്നതായി സൈന്യം

  1. Home
  2. International

കുവൈത്തിൽ വീണ്ടും ആക്രമണം; അതിർത്തി കടന്നെത്തിയ ഡ്രോണുകളും മിസൈലുകളും പ്രതിരോധിക്കുന്നതായി സൈന്യം

summer season officially begins on June 7 in Kuwait


കുവൈത്തിനെ ലക്ഷ്യമിട്ടുള്ള ഇറാന്റെ വ്യോമാക്രമണങ്ങൾ തുടരുന്നു. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് രാജ്യത്ത് പുതിയ രീതിയിലുള്ള ആക്രമണമുണ്ടായത്. അതിർത്തി കടന്നെത്തിയ ഇറാന്റെ മിസൈലുകളെയും ഡ്രോണുകളെയും വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ശക്തമായി പ്രതിരോധിക്കുകയാണെന്ന് കുവൈത്ത് സൈന്യം ഔദ്യോഗികമായി അറിയിച്ചു.

ആക്രമണം ആരംഭിച്ചതിന് പിന്നാലെ രാജ്യവ്യാപകമായി സുരക്ഷാ സൈറനുകൾ മുഴങ്ങി. നിലവിലെ സ്ഥിതിഗതികൾ ഉയർന്ന ഉദ്യോഗസ്ഥർ വിലയിരുത്തി വരികയാണെന്നും അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ പൊതുജനങ്ങൾ തയ്യാറാകണമെന്നും സൈന്യം അഭ്യർത്ഥിച്ചു. കഴിഞ്ഞ ശനിയാഴ്ചയും കുവൈത്തിന് നേരെ തുടർച്ചയായ ആക്രമണങ്ങൾ ഉണ്ടായിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തെ പ്രധാന ജല-വൈദ്യുതി പ്ലാന്റുകൾക്ക് നേരെയും എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾക്ക് നേരെയും ഉണ്ടായ ശക്തമായ ആക്രമണങ്ങളിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും കനത്ത നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച യു.എസ്-കുവൈത്ത് സൈനിക ക്യാമ്പുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഏതാനും സൈനികർക്കും പരിക്കേറ്റിരുന്നു. ഇതിനു മുൻപുള്ള ദിവസങ്ങളിൽ രാത്രിയിലും പുലർച്ചെയുമായിരുന്നു പ്രധാനമായും ആക്രമണങ്ങൾ നടന്നിരുന്നതെങ്കിൽ, ഇന്ന് പകൽ സമയത്തേക്കും ഇത് വ്യാപിച്ചതോടെ വരും മണിക്കൂറുകളിൽ ആക്രമണം കൂടുതൽ ശക്തമാകുമോ എന്ന കനത്ത ആശങ്കയാണ് മേഖലയിൽ നിലനിൽക്കുന്നത്.