ശൈഖ് സായിദ് ഫെസ്റ്റിവലിൽ എ.ആർ. റഹ്മാൻ്റെ സംഗീത വിരുന്ന്
യുഎഇ ദേശീയ ദിനാഘോഷങ്ങൾക്ക് മാറ്റു കൂട്ടാൻ ഇന്ത്യൻ സംഗീതജ്ഞൻ എ.ആർ. റഹ്മാൻ അബുദബിയിലെ ശൈഖ് സായിദ് ഫെസ്റ്റിവലിൽ എത്തുന്നു. നവംബര്‍ 29-ന് രാത്രി 9.30-നാണ് സംഗീത പരിപാടി. ഈ വേളയിൽ, യുഎഇയുടെ ഐക്യം, സഹവർത്തിത്വം, പ്രതിരോധശേഷി, പ്രത്യാശ എന്നീ മൂല്യങ്ങളെ പ്രകീർത്തിക്കുന്ന ‘ജമാൽ അൽ ഇത്തിഹാദ്’ എന്ന പുതിയ സംഗീത ആൽബം അദ്ദേഹം പുറത്തിറക്കും.
രണ്ട് തവണ ഓസ്‌കർ, ഗ്രാമി അവാർഡുകൾ നേടിയ റഹ്മാൻ, തന്റെ ടീമിനൊപ്പം ആദ്യമായി ഈ ഗാനം വേദിയിൽ ലൈവായി അവതരിപ്പിക്കും. 'ജമാൽ അൽ ഇത്തിഹാദ്' എന്ന ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് റഹ്മാൻ തന്നെയാണ്. വൈവിധ്യമാർന്ന കലാപരമായ ശൈലികൾക്കൊപ്പം ബാൻഡ് പ്രകടനങ്ങളും സാംസ്കാരിക നൃത്തങ്ങളും ഈ സംഗീത വിരുന്നിൻ്റെ ഭാഗമായി ഉണ്ടാകും. റഹ്മാൻ്റെ പ്ലാറ്റ്‌ഫോമുകളിൽ ഗാനം ഡിജിറ്റലായി പുറത്തിറങ്ങുന്നതോടെ ഈ വർഷത്തെ ഫെസ്റ്റിവലിലെ പ്രധാന ആകർഷണമായിരിക്കും ഈ പരിപാടി.
സംഗീത പരിപാടിക്ക് ശേഷം രാത്രി 10 മണിക്ക് വർണ്ണാഭമായ കരിമരുന്ന് പ്രയോഗവും ഉണ്ടാകും. ഈ പരിപാടിക്ക് ചുക്കാൻ പിടിക്കുന്നത് ബുർജീൽ ഹോൾഡിങ്സ് ആണ്. ലയാലി അൽ വത്ബ തിയേറ്ററിൽ നടക്കുന്ന ഈ സംഗീത വിരുന്ന് സൗജന്യമായി ആസ്വദിക്കാം. ശൈഖ് സായിദ് ഫെസ്റ്റിവലിലേക്കുള്ള പൊതു പ്രവേശനത്തിന് 10 ദിർഹമാണ് ടിക്കറ്റ് നിരക്ക്.
