അറബ് യൂണിവേഴ്സിറ്റി റാങ്കിങ്: യുഎഇ യൂണിവേഴ്സിറ്റി രണ്ടാം സ്ഥാനത്ത്; ആദ്യ അഞ്ചിൽ അബുദാബിയും
അറബ് യൂണിവേഴ്സിറ്റികളുടെ അസോസിയേഷൻ പ്രസിദ്ധീകരിച്ച 2025-ലെ റാങ്കിങ്ങിൽ യുഎഇ യൂണിവേഴ്സിറ്റി അറബ് ലോകത്തെ രണ്ടാമത്തെ മികച്ച സർവകലാശാലയായി തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം, നവീകരണം, സംരംഭകത്വം, അന്താരാഷ്ട്ര സഹകരണം, സമൂഹ സേവനം എന്നീ മേഖലകളിലെ മികവ് പരിഗണിച്ചാണ് ഈ നേട്ടം. പട്ടികയിൽ സൗദി അറേബ്യയിലെ കിങ് സൗദ് യൂണിവേഴ്സിറ്റി തുടർച്ചയായ മൂന്നാം തവണയും ഒന്നാം സ്ഥാനം നിലനിർത്തി. ഒമാനിലെ സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റിയാണ് മൂന്നാം സ്ഥാനത്ത്.
അറബ് ലോകത്തെ മികച്ച അഞ്ച് സർവകലാശാലകളുടെ പട്ടികയിൽ യുഎഇയിൽ നിന്നുള്ള രണ്ട് സ്ഥാപനങ്ങൾ ഇടംപിടിച്ചു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ജോർദാൻ യൂണിവേഴ്സിറ്റി നാലാം സ്ഥാനം നേടിയപ്പോൾ യുഎഇയിലെ അബുദാബി യൂണിവേഴ്സിറ്റി അഞ്ചാം സ്ഥാനം കരസ്ഥമാക്കി. കിങ് ഖാലിദ് യൂണിവേഴ്സിറ്റി, കൈറോ യൂണിവേഴ്സിറ്റി, ഷാർജ യൂണിവേഴ്സിറ്റി, തുനീസ് അൽ മനാർ യൂണിവേഴ്സിറ്റി, ഐൻ ഷംസ് യൂണിവേഴ്സിറ്റി എന്നിവയാണ് റാങ്കിങ്ങിൽ ആദ്യ പത്തിൽ ഉൾപ്പെട്ട മറ്റ് പ്രമുഖ സർവകലാശാലകൾ.
കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ റാങ്കിങ്ങിൽ വലിയ പങ്കാളിത്തമാണ് ദൃശ്യമായത്. 20 അറബ് രാജ്യങ്ങളിൽ നിന്നായി 236 സർവകലാശാലകൾ ഇത്തവണ പട്ടികയിൽ ഇടംപിടിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് 56 സർവകലാശാലകളുടെ വർധനവാണുണ്ടായത്. കൂടാതെ പുതുതായി നാല് അറബ് രാജ്യങ്ങൾ കൂടി ഇത്തവണ റാങ്കിങ് പ്രക്രിയയുടെ ഭാഗമായിട്ടുണ്ട്. അറബ് മേഖലയിലെ ഉന്നതവിദ്യാഭ്യാസ നിലവാരം ഉയരുന്നതിന്റെ സൂചനയായാണ് ഈ മുന്നേറ്റം വിലയിരുത്തപ്പെടുന്നത്.
