ചന്ദ്രനെ വലംവെച്ച് ആർട്ടെമിസ് 2 തിരിച്ചെത്തി; ദൗത്യം വിജയകരം, പസഫിക്കിൽ സ്പ്ലാഷ് ലാൻഡിംഗ്

  1. Home
  2. International

ചന്ദ്രനെ വലംവെച്ച് ആർട്ടെമിസ് 2 തിരിച്ചെത്തി; ദൗത്യം വിജയകരം, പസഫിക്കിൽ സ്പ്ലാഷ് ലാൻഡിംഗ്

artemis 2


അൻപത് വർഷങ്ങൾക്കുശേഷം ചന്ദ്രനിലേക്ക് മനുഷ്യനെ എത്തിക്കാനുള്ള നാസയുടെ ചരിത്രപ്രധാനമായ ആർട്ടെമിസ് 2 (Artemis II) ദൗത്യം വിജയകരമായി പൂർത്തിയായി. ചന്ദ്രനെ വലംവെച്ച ശേഷം നാല് ബഹിരാകാശ സഞ്ചാരികളുമായി ഒറിയോൺ പേടകം കാലിഫോർണിയ തീരത്ത് സാൻ ഡീഗോയ്ക്ക് സമീപം പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. ശനിയാഴ്ച പുലർച്ചെ നടന്ന ആവേശം നിറഞ്ഞ സപ്ലാഷ്ഡൗണോടെ ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയൊരു അധ്യായമാണ് തുറക്കപ്പെട്ടിരിക്കുന്നത്.

കമാൻഡർ റീഡ് വൈസ്മാൻ, പൈലറ്റ് വിക്ടർ ഗ്ലോവർ, മിഷൻ സ്പെഷ്യലിസ്റ്റ് ക്രിസ്റ്റീന കോക്ക്, കനേഡിയൻ ബഹിരാകാശ സഞ്ചാരി ജെറമി ഹാൻസെൻ എന്നിവരാണ് ഈ ചരിത്ര ദൗത്യത്തിന്റെ ഭാഗമായത്. 1972-ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ചന്ദ്രനെ വലംവെച്ച് സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തുന്ന ആദ്യ മനുഷ്യസംഘമെന്ന ഖ്യാതി ഇവർക്ക് സ്വന്തമായി. ഏപ്രിൽ 1-ന് ഫ്ലോറിഡയിൽ നിന്നായിരുന്നു വിക്ഷേപണം നടന്നത്. ദൗത്യത്തിനിടെ ഭൂമിയിൽ നിന്ന് ഏകദേശം 4,06,771 കിലോമീറ്റർ ദൂരപരിധി പിന്നിട്ട പേടകം, മനുഷ്യൻ ബഹിരാകാശത്ത് സഞ്ചരിക്കുന്ന ഏറ്റവും കൂടിയ ദൂരമെന്ന റെക്കോർഡും സ്വന്തമാക്കി. ശബ്ദത്തേക്കാൾ 33 മടങ്ങ് വേഗതയിൽ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച പേടകം പാരച്യൂട്ടുകളുടെ സഹായത്തോടെയാണ് സമുദ്രത്തിൽ പതിച്ചത്.

അമേരിക്കൻ നാവികസേനയുടെ യുഎസ്എസ് ജോൺ പി. മുർത്ത എന്ന കപ്പലിന്റെ നേതൃത്വത്തിലുള്ള സംഘം സഞ്ചാരികളെ സ്വീകരിച്ചു. പേടകത്തിന്റെ ലൈഫ് സപ്പോർട്ട് സിസ്റ്റങ്ങൾ, നാവിഗേഷൻ, ആശയവിനിമയ സംവിധാനങ്ങൾ എന്നിവയെല്ലാം ദൗത്യത്തിനിടെ വിജയകരമായി പരീക്ഷിക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. ആർട്ടെമിസ് 2-ന്റെ ഈ വിജയം 2028-ൽ മനുഷ്യനെ ചന്ദ്രോപരിതലത്തിൽ ഇറക്കാനുള്ള നാസയുടെ അടുത്തഘട്ട പദ്ധതികൾക്ക് വലിയ കരുത്ത് പകരും.