ബഹിരാകാശയാത്രികന് ആരോഗ്യ പ്രശ്നം; ക്രൂ-11 സംഘം ഭൂമിയിലേക്ക്, അൺഡോക്കിങ് വിജയകരം
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) നിന്ന് സ്‌പേസ് എക്‌സ് ക്രൂ-11 ദൗത്യ സംഘം ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. ഇന്ന് പുലർച്ചെ 3.30-ഓടെ ബഹിരാകാശ നിലയത്തിൽ നിന്ന് വേർപ്പെട്ട (Unlocking) ഡ്രാഗൺ പേടകം ഉച്ചയ്ക്ക് 2.11-ന് കാലിഫോർണിയ തീരത്ത് കടലിൽ ഇറങ്ങും. ഓസ്‌ട്രേലിയക്ക് മുകളിലൂടെ സഞ്ചരിക്കുമ്പോഴാണ് പേടകത്തിന്റെ അൺഡോക്കിങ് പ്രക്രിയ വിജയകരമായി പൂർത്തിയായത്. ഏകദേശം പത്തര മണിക്കൂറോളം നീളുന്ന യാത്രയ്ക്കൊടുവിലാണ് സംഘം ഭൂമിയിലെത്തുക.
നാലംഗ സംഘത്തിലെ ഒരാൾക്ക് അപ്രതീക്ഷിതമായി ആരോഗ്യ പ്രശ്‌നങ്ങളുണ്ടായതിനെത്തുടർന്നാണ് ദൗത്യം പാതിവഴിയിൽ അവസാനിപ്പിച്ച് സംഘത്തെ തിരിച്ചെത്തിക്കുന്നത്. ബഹിരാകാശ ചരിത്രത്തിലെ ആദ്യത്തെ മെഡിക്കൽ ഇവാക്യൂവേഷൻ (Medical Evacuation) കൂടിയാണിത്. എന്നാൽ, സ്വകാര്യത കണക്കിലെടുത്ത് ഏത് സഞ്ചാരിക്കാണ് ആരോഗ്യ പ്രശ്‌നമുള്ളതെന്നോ രോഗം എന്താണെന്നോ വെളിപ്പെടുത്താൻ നാസ തയ്യാറായിട്ടില്ല. നിലവിൽ യാത്രികന്റെ നില തൃപ്തികരമാണെന്നും അടിയന്തര അപകടസാധ്യതകളില്ലെന്നും നാസ വ്യക്തമാക്കിയിട്ടുണ്ട്. ഓഗസ്റ്റിൽ ബഹിരാകാശ നിലയത്തിലെത്തിയ സംഘം 165 ദിവസത്തെ ദൗത്യം പൂർത്തിയാക്കിയാണ് മടങ്ങുന്നത്.
നാസ സഞ്ചാരികളായ സീന കാർഡ്മൻ, മൈക്ക് ഫിൻകെ, ജപ്പാന്റെ കിമിയ യൂയി, റഷ്യയുടെ ഒലേഗ് പ്ലാറ്റെനോവ് എന്നിവരാണ് പേടകത്തിലുള്ളത്. സീന കാർഡ്മൻ, ഒലേഗ് പ്ലാറ്റെനോവ് എന്നിവരുടെ ആദ്യ ബഹിരാകാശ ദൗത്യമായിരുന്നു ഇത്. ആരോഗ്യ പ്രശ്‌നങ്ങൾ കാരണം കഴിഞ്ഞ ആഴ്ച ഇവരുടെ ബഹിരാകാശ നടത്തം (Spacewalk) റദ്ദാക്കിയിരുന്നു. അടുത്ത മാസമായിരുന്നു ദൗത്യം പൂർത്തിയാക്കി ഇവർ മടങ്ങേണ്ടിയിരുന്നത്. ക്രൂ-11 മടങ്ങുന്നതോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഇനി ക്രിസ്റ്റഫർ വില്യംസും രണ്ട് റഷ്യൻ സഞ്ചാരികളും മാത്രമാകും അവശേഷിക്കുക.
