ഒമാൻ തീരത്ത് 2 കപ്പലുകൾക്ക് നേരെ ആക്രമണം; ഒരു കപ്പലിന് തീപിടിച്ചതായി യുകെഎംടിഒ
ഒമാൻ തീരത്തിന് സമീപം രണ്ട് കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. ഒമാനിലെ ഖസബിന് പടിഞ്ഞാറ് ഭാഗത്ത് വെച്ചാണ് കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഒരു കപ്പലിന് തീപിടിച്ചതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) സ്ഥിരീകരിച്ചു.
തിരിച്ചറിയാത്ത നാല് വസ്തുക്കളാണ് രണ്ട് കപ്പലുകളിലായി പതിച്ചത്. തീപിടിച്ച കപ്പലിന് പുറമെ രണ്ടാമത്തെ കപ്പലിന് സംഭവിച്ച നാശനഷ്ടങ്ങളുടെ വ്യാപ്തി വ്യക്തമായിട്ടില്ല. സംഭവം നടക്കുമ്പോൾ ഏകദേശം ആറ് നോട്ടിക്കൽ മൈൽ അകലെയായിരുന്ന മറ്റൊരു കപ്പലിലെ ക്യാപ്റ്റനാണ് ആക്രമണത്തെക്കുറിച്ചുള്ള വിവരം ആദ്യം പുറത്തുവിട്ടത്.
ഏത് തരം ആയുധങ്ങളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നോ ഇതിന് പിന്നിൽ പ്രവർത്തിച്ചവർ ആരാണെന്നോ ഉള്ള കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സംഭവത്തെക്കുറിച്ച് വിശദമായ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും മേഖലയിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും യുകെഎംടിഒ വ്യക്തമാക്കി.
