അഡ്‌നോക് ടാങ്കറുകൾക്ക് നേരെയുണ്ടായ ആക്രമണം; ഇറാനെതിരെ ബഹ്‌റൈൻ
ഹുർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന യു.എ.ഇ. ഊർജ കമ്പനിയായ അഡ്‌നോകിന്റെ രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തെ ബഹ്‌റൈൻ ശക്തമായി അപലപിച്ചു.
പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും സമുദ്ര ഗതാഗത സുരക്ഷയ്ക്കും വലിയ ഭീഷണിയാണ് ആക്രമണമെന്ന് ബഹ്‌റൈൻ വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങളുടെയും സമുദ്ര നിയമവുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്രസഭാ കൺവെൻഷന്റെയും യു.എൻ. രക്ഷാസമിതി പ്രമേയങ്ങളുടെയും നഗ്‌നമായ ലംഘനമാണ് നടപടിയെന്നും ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
അന്താരാഷ്ട്ര സമുദ്ര ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ ബഹ്‌റൈൻ, ഇത്തരം നടപടികൾ മേഖലയിൽ കൂടുതൽ സംഘർഷത്തിനും അസ്ഥിരതയ്ക്കും വഴിവെക്കുമെന്ന് മുന്നറിയിപ്പ് നൽകി.
