ബഹ്‌റൈന് നേരെയുള്ള ആക്രമണം; ശക്തമായി അപലപിച്ച് കുവൈത്ത്

  1. Home
  2. International

ബഹ്‌റൈന് നേരെയുള്ള ആക്രമണം; ശക്തമായി അപലപിച്ച് കുവൈത്ത്

kuwait


ബഹ്‌റൈൻ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെ കുവൈത്ത് ശക്തമായി അപലപിച്ചു. ഇത്തരം ആക്രമണങ്ങൾ ബഹ്‌റൈന്റെ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും, ഐക്യരാഷ്ട്രസഭ ചാർട്ടറിന്റെയും, യുഎൻ സുരക്ഷാ സമിതി പ്രമേയങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ആക്രമണങ്ങളെ പൂർണ്ണമായും തള്ളിക്കളയുന്നതായി മന്ത്രാലയം ആവർത്തിച്ചു. ഇത്തരം നീക്കങ്ങൾ തുടരുന്നത് പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഗുരുതര ഭീഷണിയാകുന്ന അപകടകരമായ സാഹചര്യത്തിലേക്ക് മേഖലയെ എത്തിക്കുമെന്ന് കുവൈത്ത് മുന്നറിയിപ്പ് നൽകി. ബഹ്‌റൈന് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ച കുവൈത്ത്, രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി ബഹ്‌റൈൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണയും അറിയിച്ചു.

ചൊവ്വാഴ്ച ബഹ്‌റൈനിലെ ഈസ എയർബേസിലുള്ള യുഎസ് റഡാർ സംവിധാനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഇക്കാര്യം ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ വെള്ളിയാഴ്ച ബഹ്‌റൈനിലെ യുഎസ് ഏർളി-വാണിങ് റഡാർ സംവിധാനത്തിന് നേരെയും, ഞായറാഴ്ച യുഎസ് സേന തമ്പടിച്ചിരിക്കുന്ന റിഫ എയർബേസിലെ വ്യോമപ്രതിരോധ റഡാർ സംവിധാനത്തിന് നേരെയും സമാനമായ ആക്രമണങ്ങൾ നടന്നിരുന്നു.