ഹോർമുസ് കടലിടുക്കിൽ എൽ.പി.ജി കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യൻ ജീവനക്കാരനെ കാണാതായി

  1. Home
  2. International

ഹോർമുസ് കടലിടുക്കിൽ എൽ.പി.ജി കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യൻ ജീവനക്കാരനെ കാണാതായി

strait of hormuz


ഹോർമുസ് കടലിടുക്കിൽ പനാമ പതാകയുള്ള 'താര ഗ്യാസ്' എന്ന ദ്രവീകൃത വാതക കപ്പലിലുണ്ടായ (VLGC) അപകടത്തിൽ ഒരു ഇന്ത്യൻ ജീവനക്കാരനെ കാണാതായി. കപ്പലിലുണ്ടായിരുന്ന മറ്റ് 24 ജീവനക്കാരെ സുരക്ഷിതമായി ഒമാനിലെ ഖസബിൽ കരയ്ക്കെത്തിച്ചു. കാണാതായ ജീവനക്കാരന് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് കപ്പലിന് നേരെ ആക്രമണമുണ്ടായത്. 24 ഇന്ത്യൻ പൗരന്മാരുൾപ്പെടെ ആകെ 25 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇതിൽ 23 ഇന്ത്യക്കാരും ഒരു വിദേശ പൗരനുമാണ് സുരക്ഷിതമായി രക്ഷപ്പെട്ടത്. കാണാതായ ഇന്ത്യൻ പൗരനെ കണ്ടെത്തുന്നതിനായുള്ള രക്ഷാപ്രവർത്തനങ്ങൾ (SAR) തുടരുകയാണ്.

സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനും രക്ഷാപ്രവർത്തനങ്ങൾക്കും ഒമാൻ അധികൃതർ നൽകുന്ന നിരന്തരമായ പിന്തുണയ്ക്കും സഹായത്തിനും ഇന്ത്യൻ എംബസി നന്ദി രേഖപ്പെടുത്തി.