ലബനാനിലെ യുഎൻ സമാധാന സേനയ്ക്ക് നേരെയുള്ള ആക്രമണം; ശക്തമായി അപലപിച്ച് കുവൈത്ത്

  1. Home
  2. International

ലബനാനിലെ യുഎൻ സമാധാന സേനയ്ക്ക് നേരെയുള്ള ആക്രമണം; ശക്തമായി അപലപിച്ച് കുവൈത്ത്

kuwait


ലബനാനിൽ ഐക്യരാഷ്ട്രസഭയുടെ ഇടക്കാല സേനയ്ക്ക് (UNIFIL) നേരെ നടന്ന ആക്രമണത്തെയും ഒരു സെർബിയൻ സമാധാന സേനാംഗം കൊല്ലപ്പെടാനിടയായ സംഭവത്തെയും ശക്തമായി അപലപിച്ച് കുവൈത്ത്. ഐക്യരാഷ്ട്രസഭയുടെ സൈനികരെയും ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടുള്ള എല്ലാത്തരം അക്രമപ്രവർത്തനങ്ങളെയും കുവൈത്ത് പൂർണ്ണമായി നിരാകരിക്കുന്നതായി വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ആഗോള സമാധാനത്തിനായി പ്രവർത്തിക്കുന്ന ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. സമാധാന സേനാംഗങ്ങളുടെ പ്രസക്തിയും തങ്ങളുടെ ചുമതലകൾ സുരക്ഷിതമായി നിർവ്വഹിക്കാൻ അവർക്ക് ആവശ്യമായ സാഹചര്യം ഒരുക്കേണ്ടതിന്റെ ആവശ്യകതയും പ്രസ്താവനയിൽ അടിവരയിടുന്നു. ലബനാനിലുണ്ടായ ഈ ദൗർഭാഗ്യകരമായ സംഭവത്തിൽ സുതാര്യമായ അന്വേഷണം നടത്തണമെന്നും ആക്രമണത്തിന് ഉത്തരവാദികളായവരെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കുവൈത്ത് ആവശ്യപ്പെട്ടു.

കൊല്ലപ്പെട്ട സെർബിയൻ സൈനികന്റെ വിയോഗത്തിൽ സെർബിയൻ ഗവൺമെന്റിനെയും ഐക്യരാഷ്ട്രസഭയെയും മരിച്ചയാളുടെ കുടുംബാംഗങ്ങളെയും കുവൈത്ത് വിദേശകാര്യ മന്ത്രാലയം അനുശോചനം അറിയിച്ചു. ആക്രമണത്തിൽ പരിക്കേറ്റ മറ്റ് സമാധാന സേനാംഗങ്ങൾ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം ആശംസിച്ചു.

കഴിഞ്ഞ ദിവസമാണ് തെക്കുകിഴക്കൻ ലബനാനിലെ മർജയൂണിന് (Marjayoun) സമീപം മോർട്ടാർ ഷെല്ലുകൾ പതിച്ചതിനെത്തുടർന്ന് സെർബിയയിൽ നിന്നുള്ള യുഎൻ സമാധാനപാലകൻ കൊല്ലപ്പെട്ടത്. സംഭവത്തിൽ മറ്റ് രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. ഈ വർഷം മാർച്ച് മാസത്തിന് ശേഷം ലബനാനിൽ വെച്ച് കൊല്ലപ്പെടുന്ന ഏഴാമത്തെ യുഎൻ സമാധാന സേനാംഗമാണിത്.